കണ്ണൂർ: മട്ടന്നൂരില്‍ പതിനാലുകാരൻ ഓടിച്ച കാർ കനാലിലേക്ക് മറിഞ്ഞ സംഭവത്തില്‍ വാഹന ഉടമക്കെതിരെ കേസെടുത്ത് പൊലീസ്.വാഹനം ഓടിച്ച കുട്ടിയുടെ അമ്മയുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. അമ്മയുടെ പേരിലാണ് വാഹനത്തിന്റെ ലൈസൻസ്. വീട്ടുകാർ അറിയാതെ, സ്പെയർ താക്കോല്‍ കൈക്കലാക്കിയാണ് കുട്ടികള്‍ കാർ എടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. ബ്രേക്കിന് പകരം ആക്‌സിലേറ്റർ ചവിട്ടിയതാണ് അപകടകാരണം. മോട്ടോർ വാഹന വകുപ്പും കേസെടുക്കും.
പതിനാലുകാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന നാല് കുട്ടികള്‍ക്ക് പരിക്കേറ്റിരുന്നു. കീഴല്ലൂർ തെളുപ്പിലാണ് ഉച്ചയോടെ അപകടം. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. ആരുടെയും പരിക്ക് സാരമുളളതല്ല. ബന്ധുവീട്ടിലെ കാർ ഓടിച്ചുവന്നതെന്നാണ് കുട്ടികള്‍ നാട്ടുകാരോട് പറഞ്ഞത്.