വയനാട് പുനരധിവാസം; നിര്‍ണായക നടപടിയുമായി ഹൈക്കോടതി, ടൗണ്‍ഷിപ്പിന്‍റെ തറക്കല്ലിടല്‍ ഈ മാസം 27ന് നടത്താൻ അനുമതി
കൊച്ചി: വയനാട് പുനരധിവാസ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം 27ന് നടത്താൻ സംസ്ഥാന സർക്കാരിന് തടസമില്ലെന്ന് ഹൈക്കോടതി.ഈ മാസം 27ന് വയനാട് ടൗണ്‍ഷിപ്പിന്‍റെ തറക്കല്ലിടല്‍ ചടങ്ങ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവോടെ തറക്കല്ലിടല്‍ ചടങ്ങുമായി സര്‍ക്കാരിന് മുന്നോട്ടുപോകാനാകും.
ഏറ്റെടുക്കുന്ന ഭൂമിയ്ക്ക് സർക്കാർ നിശ്ചയിച്ച പ്രതിഫലം കുറഞ്ഞുപോയെന്നാരോപിച്ച് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉടമകള്‍ നല്‍കിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം. സർക്കാരിന്‍റെ പുനരധിവാസ പ്രവർത്തനങ്ങള്‍ക്ക് തടസം നില്‍ക്കുന്നില്ലെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച് നടപടികള്‍ സ്റ്റേ ചെയ്യണമെന്ന എസ്റ്റേറ്റ് ഉടമകളുടെ ആവശ്യം അംഗീകരിച്ചില്ല. 26 കോടി രൂപയാണ് ഏറ്റെടുക്കുന്ന ഭൂമിക്ക് പകരമായി ഉടമകള്‍ക്ക് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നതെന്ന് സർക്കാർ അറിയിച്ചു.
ഈ തുക നിശ്ചയിച്ചതിന്‍റെ മാനദണ്ഡം എന്താണെന്ന് ഏപ്രില്‍ മൂന്നിനകം അറിയിക്കാൻ കോടതി നിർദേശിച്ചു. ഇതിനിടെ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഹാരിസണ്‍ എസ്റ്റേറ്റ് ഉടമകള്‍ നല്‍കിയ ഹർജി കോടതി തീർപ്പാക്കിയിട്ടുണ്ട്. ഇവരുടെ ഭൂമി തല്‍ക്കാലം ഏറ്റെടുക്കുന്നില്ലെന്ന സംസ്ഥാന സർക്കാർ സത്യവാങ്മൂലം പരിഗണിച്ചാണിത്.