ഉത്സവത്തിനിടെ യുവാവിന് വെടിയേറ്റ സംഭവം: മൂന്ന് പേര്‍ കൂടി പിടിയില്‍


മലപ്പുറം: ചെമ്ബ്രശ്ശേരിയില്‍ ഉത്സവത്തിനിടെ യുവാവിന് വെടിയേറ്റ സംഭവത്തില്‍ മൂന്ന് പേർ കൂടി പിടിയില്‍. കൊടശ്ശേരി സ്വദേശികളായ റഫീഖ് , അസീസ്, മഹ്റൂഫ് എന്നിവരാണ് പിടിയിലായത്.എയർ ഗണില്‍ നിന്ന് വെടിയേറ്റ് ചെമ്ബ്രശ്ശേരി സ്വദേശി ലുക്മാന് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തില്‍ 10 പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞയാഴ്ച്ച ചെമ്ബ്രശ്ശേരിയില്‍ ഉത്സവത്തിനിടയില്‍ ഉണ്ടായ സംഘർഷത്തില്‍ എയർഗണ്‍ കൊണ്ട് ചെമ്ബ്രശ്ശേരി സ്വദേശി ലുക്മാന് വെടിയേറ്റത്. സംഘര്‍ഷത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. കഴുത്തിന് വെടിയേറ്റ ചെമ്ബ്രശ്ശേരി സ്വദേശി ലുക്മാനടക്കം നാല് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ലുക്മാന്‍റെ കഴുത്തിന് സാരമായ പരിക്കുണ്ട്. മറ്റ് മൂന്ന് പേരില്‍ രണ്ടു പേരുടെ കൈ പൊട്ടി. തലയ്ക്കും കാലിനും പരിക്കേറ്റിട്ടുമുണ്ട്.

രാത്രി പതിനൊന്നരയോടെയാണ് പ്രാദേശിക ഉത്സവത്തിനിടെ സംഘര്‍ഷം ഉണ്ടായത്. എയര്‍ഗണ്ണും പെപ്പര്‍ സ്പ്രേയുമായി ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് പരിക്കേറ്റവര്‍ പറയുന്നത്. അക്രമണത്തിന്‍റെ കാരണം അറിയില്ലെന്നാണ് പരിക്കേറ്റവര്‍ പറയുന്നു. ഇരുപതോളം പേര്‍ അടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. ഇവര്‍ സ്ഥിരം ക്രിമിനലുകളാണെന്ന് പരിക്കേറ്റവര്‍ ആരോപിച്ചു. ആക്രമിച്ചവരില്‍ കണ്ടാലറിയുന്നവരുമുണ്ടെന്നും പരിക്കേറ്റവര്‍ അറിയിച്ചു.

മുകളിലേക്കുള്‍പ്പെടെ എയര്‍ഗണ്‍ ഉപയോഗിച്ച്‌ നാല് വട്ടം വെടി ഉതിര്‍ത്തെന്നും പരിക്കേറ്റവര്‍ പറയുന്നു. പ്രദേശത്ത് നേരത്ത ചെറിയ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് വെടിവെപ്പ് ഉണ്ടായതെന്നാണ് സൂചന. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് പുറമെ മഞ്ചേരി, പാണ്ടിക്കാട്, പെരിന്തല്‍മണ്ണ എന്നിവിടങ്ങിലും പരിക്കേറ്റവര്‍ ചികിത്സ തേടിയിട്ടുണ്ട്.