ജയ്പൂർ: അവകാശിയായി ആണ്‍കുട്ടി മതി. അഞ്ച് മാസം പ്രായമുള്ള ഇരട്ട പെണ്‍കുട്ടികളെ തറയിലടിച്ച് കൊന്ന് അച്ഛൻ അറസ്റ്റില്‍.രാജസ്ഥാനിലെ സികാറിലാണ് ഞെട്ടിക്കുന്ന സംഭവം. കുഞ്ഞുങ്ങളെ നിലത്തടിച്ച് കൊന്ന ശേഷം വീട്ടില്‍ നിന്ന് 2 കിലോമീറ്റർ മാറിയുള്ള ഒഴിഞ്ഞ സ്ഥലത്ത് കൊണ്ട് പോയി കുഴിച്ചിട്ട യുവാവിനെ വെള്ളിയാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അശോക് യാദവ് എന്ന യുവാവാണ് അറസ്റ്റിലായത്. ആണ്‍കുട്ടി മതിയെന്ന നിർബന്ധത്തിന്റെ പേരില്‍ ഇയാള്‍ ഭാര്യ അനിതയുമായി സ്ഥിരം വഴക്കുണ്ടാക്കിയിരുന്നു. വ്യാഴാഴ്ച ഭാര്യയുമായി വഴക്കിട്ട ശേഷമായിരുന്നു. കണ്ണില്ലാത്ത ക്രൂരത. കൊല്ലപ്പെട്ട നവജാത ശിശുക്കളേ കൂടാതെ ദമ്ബതികള്‍ക്ക് അഞ്ച് വയസ് പ്രായമുള്ള ഒരു പെണ്‍കുട്ടി കൂടിയുണ്ട്. അനിതയുടെ ബന്ധുവാണ് വിവരം പൊലീസ് സ്റ്റേഷനില്‍ വിളിച്ച് അറിയിക്കുന്നത്. നീം കാ ഥാനാ നഗരത്തിലെ കളക്‌ട്രേറ്റിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്താണ് ഇയാള്‍ നവജാത ശിശുക്കളെ കുഴിച്ച് മൂടിയത്.
വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം യുവാവിനെ അറസ്റ്റ് ചെയ്യുകയും സ്ഥലം സീല്‍ ചെയ്യുകയും ആയിരുന്നു. ശനിയാഴ്ച യുവാവ് തന്നെ പെണ്‍മക്കളെ കുഴിച്ചുമൂടിയ സ്ഥലം പൊലീസിന് കാണിച്ചു കൊടുക്കുകയായിരുന്നു. 2024 നവംബർ 4നാണ് ദമ്ബതികള്‍ക്ക് ഇരട്ട കുട്ടികള്‍ ജനിച്ചത്. അശോകിനും വീട്ടുകാർക്കും പെണ്‍കുട്ടികളെ താല്‍പര്യമില്ലായെന്നാണ് അനിത പൊലീസില്‍ മൊഴി നല്‍കിയിട്ടുള്ളത. ഭാര്യയെ അടിച്ച് നിലത്തിട്ട ശേഷമാണ് ഇയാള്‍ കുട്ടികളെ തറയിലടിച്ച് കൊന്നത്. കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റെന്ന് പേരില്‍ കുട്ടികളെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഇവർ മരിച്ചതായി വ്യക്തമായത്. ഇതിന് പിന്നാലെയാണ് അനിത വിവരം ബന്ധുവിനെ വിളിച്ച് അറിയിച്ചത്.