സംസ്ഥാനത്ത് ബുധനാഴ്ചയോടെ വേനല്‍മഴ മെച്ചപ്പെടും; 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, താപനിലയില്‍ മാറ്റമുണ്ടാവില്ല


തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ചയോടെ വേനല്‍മഴ മെച്ചപ്പെടാൻ സാധ്യത. ബുധനാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍മഴ കിട്ടും. എങ്കിലും പകല്‍ താപനിലയില്‍ വലിയ മാറ്റമുണ്ടാകില്ല.

ഉഷ്ണ തരംഗ സാധ്യതകള്‍ കണക്കിലെടുത്ത് മുന്നൊരുക്കങ്ങള്‍ ശക്തമാക്കാൻ കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത യോഗത്തില്‍ മുഖ്യമന്ത്രി നിർദ്ദേശം നല്‍കിയിരുന്നു. കുടിവെള്ളം ഉറപ്പാക്കാനും പകല്‍സമയങ്ങളില്‍ പുറംജോലിക്കാർക്ക് ആവശ്യത്തിന് വിശ്രമം ഉറപ്പാക്കാനും നിർദ്ദേശമുണ്ട്. ഇന്നലെ പാലക്കാട് സ്റ്റേഷനിലാണ് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 38.7 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയത്.