കോഴിക്കോട്: കോഴിക്കോട് കടലുണ്ടിയില്‍ സ്വകാര്യ ആശുപത്രി ജീവനക്കാർക്ക് നേരെ ഉണ്ടായ അക്രമത്തില്‍ ഒരാള്‍ അറസ്റ്റില്‍.പരപ്പനങ്ങാടി സ്വദേശി ഉഫൈദ് ആണ് അറസ്റ്റിലായത്. ഇന്നലെയാണ് വാഹനാപകടത്തില്‍ പരിക്കേറ്റ രോഗിക്കൊപ്പം എത്തിയ യുവാക്കള്‍ കടലുണ്ടിയിലെ ടിഎംഎച്ച് ആശുപത്രി ജീവനക്കാരെ മർദിച്ചത്. ജീവനക്കാരെ ആക്രമിച്ച യുവാക്കള്‍ ആശുപത്രി
റിസപ്ഷൻ അടിച്ചു തകർക്കുകയും ചെയ്തിരുന്നു.
വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവുമായി എത്തിയവരാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ യുവാവിനെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തില്‍ കലാശിച്ചത്. യുവാവിനെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തതാണ് കൂടെ ഉണ്ടായിരുന്നവരെ പ്രകോപിപ്പിച്ചതെന്ന് കോട്ടക്കടവ് ടി.എം.എച്ച് ആശുപത്രി ജീവനക്കാർ പറഞ്ഞു.
പരിക്കേറ്റയാള്‍ക്കൊപ്പമെത്തിയ രണ്ടു യുവാക്കള്‍ ആശുപത്രിയില്‍ അക്രമം നടത്തുകയായിരുന്നു. തടയാൻ ശ്രമിച്ചവരെയും ഇവർ മർദിച്ചു. ജീവനക്കാരെ ആക്രമിക്കുകയും ആശുപത്രിയുടെ റിസപ്ഷന്‍റെ ഗ്ലാസ് അടിച്ചു തകർത്തു. യുവാക്കള്‍ അര മണിക്കൂറോളം അക്രമം തുടർന്നു. ഒടുവില്‍ പൊലീസ് എത്തിയാണ് ഇവരെ മാറ്റിയതെന്നും ജീവനക്കാർ പറഞ്ഞു.
ഒരു ഓട്ടോറിക്ഷയിലാണ് യുവാക്കളെത്തിയത്. ആ വാഹനം അടിച്ച് പൊളിച്ചിരുന്നു. പരിക്കേറ്റയാളെ വീല്‍ച്ചെയറിലാണ്
ക്വാഷലിറ്റിയിലേക്കെത്തിച്ചത്. ഇവിടെവെച്ച് യുവാക്കള്‍ ഡോക്ടറോട് തട്ടിക്കയറി. യുവാവിന് പരിക്കുണ്ടെന്നും എമർജൻസി ആയതിനാല്‍ നല്ല ഹോസ്പിറ്റലിലേക്ക് മാറ്റണമെന്നും ഡോക്ടർ പറഞ്ഞു. ഇതോടെ തെറിവിളിച്ചുകൊണ്ട് എന്തുകൊണ്ട് ഇവിടെ പറ്റില്ല എന്ന് ചോദിച്ച് യുവാക്കള്‍ ആക്രമണം അഴിച്ച് വിടുകയായിരുന്നു. ഇവർ മദ്യലഹരിയിലായിരുന്നുവെന്ന് ആശുപത്രി ജീവനക്കാർ പറയുന്നു.