വിവാദ മലപ്പുറം പരാമര്‍ശത്തില്‍ വിശദീകരണവുമായി വെള്ളാപ്പള്ളി; ‘വിവരിച്ചത് സമുദായത്തിൻ്റെ പിന്നോക്കാവസ്ഥ’


മലപ്പുറം: വിവാദ മലപ്പുറം പരാമർശത്തില്‍ വിശദീകരണവുമായി എസ്‌എൻഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തൻ്റെ പ്രസംഗത്തിൻ്റെ ഒരു ഭാഗം അടർത്തിയെടുത്ത് പ്രചരിപ്പിക്കുകയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.സമുദായത്തിൻ്റെ പിന്നോക്കാവസ്ഥയാണ് വിവരിച്ചതെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശത്തിനെതിരെ രൂക്ഷ വിമർശനങ്ങള്‍ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പരാമർശത്തില്‍ വിശദീകരണവുമായി വെള്ളാപ്പള്ളി രംഗത്തെത്തിയിരിക്കുന്നത്.

പറഞ്ഞതില്‍ ഒരു വാക്കുപോലും പിൻവലിക്കാനില്ല. ശ്രീനാരായണീയർക്ക് മലപ്പുറത്ത് പിന്നോക്കാവസ്ഥയാണ് എന്നാണ് പറഞ്ഞത്. ലീഗിലെ സമ്ബന്നരാണ് മലപ്പുറത്തെ വിദ്യാഭ്യാസ മേഖല നിയന്ത്രിക്കുന്നതെന്നും തന്നെ വർഗീയ വാദിയാക്കാനാണ് ശ്രമമെന്നും വെള്ളാപ്പള്ളി പറഞ്ഞു. വെള്ളാപ്പള്ളിക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കള്‍ വെള്ളാപ്പള്ളിയെ വിമർശിച്ചു. കേരളം കൂടുതല്‍ വർഗീയമാകുന്നുവെന്ന് കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സ്വാമി വിവേകാനന്ദൻ ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍, ഭ്രാന്താലയത്തിന് പകരം അതിനെക്കാള്‍ ക്രൂരമായ വാക്ക് ഉപയോഗിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ന്യൂനപക്ഷങ്ങളും അസംതൃപ്തർ, എല്ലാവർക്കും അന്യതാബോധം ഉണ്ടായിരിക്കുന്നുവെന്നും പറഞ്‍ഞ മുല്ലപ്പള്ളി വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമർശത്തെ അദ്ദേഹം അപലപിച്ചു.

എസ്‌എൻഡിപി ജനറല്‍ സെക്രട്ടറി ശ്രീനാരായണ ഗുരുദേവന പഠിക്കണം. വെള്ളാപ്പള്ളിയുടെ ആദ്യത്തെ പ്രസ്താവനയല്ല ഇത്. എല്ലാ സമയത്തും വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ വിഭാഗീയതയെ തുണയ്ക്കുന്നതാണ്. ശ്രീനാരായണഗുരു കാണിച്ച വഴിയിലൂടെ പോകാൻ വെള്ളാപ്പള്ളി തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലപ്പുറത്തിനെതിരെ രൂക്ഷ പരാമർശവുമായി എസ്‌എൻഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞ ദിവസം രംഗത്ത് വിന്നിരുന്നു. പേടിച്ചും ശ്വാസ വായു കിട്ടാതെയുമാണ് മലപ്പുറത്ത് ഒരു വിഭാഗം ജീവിക്കുന്നത് എന്നാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും അദ്ദേഹം കളിയാക്കി. ചുങ്കത്തറയിലെ പൊതു പരിപാടിയിലായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം.