സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ശക്തമായ കാറ്റോടും ഇടിയോടും കൂടിയ മഴയ്ക്കാണ് സാധ്യത.തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 48 മണിക്കൂറില്‍ ഈ ന്യൂനമർദ്ദം വടക്ക് ദിശയില്‍ സഞ്ചരിക്കും. ഇതിന്റെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്.
ഉഷ്ണ തരംഗ സാധ്യത ദില്ലിയില്‍ യെല്ലോ അലർട്ട്
ഉഷ്ണ തരംഗം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ദില്ലിയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ എത്തിയതോടെയാണ് ദില്ലിയില്‍ അടുത്ത രണ്ട് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നാളെ വരെ ഉഷ്ണതരംഗം തുടരും, പിന്നീട് താപനില സാധാരണ നിലയില്‍ എത്തും. ദില്ലിക്ക് പുറമേ ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണ തരംഗ മുന്നറിയിപ്പ് നല്‍കി. ചൂട് കൂടുന്ന സാഹചര്യത്തില്‍ പുറത്ത് ജോലി ചെയ്യുന്ന ആളുകള്‍ മുൻകരുതല്‍ എടുക്കണം എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.