നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ബൂത്തുകള്‍ സന്ദര്‍ശിച്ചു
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. കേല്‍ക്കര്‍ നിലമ്പൂരിലെ പോളിങ് സ്റ്റേഷനുകളില്‍ സന്ദര്‍ശനം നടത്തി. ഈസ്റ്റ് കല്‍ക്കുളം എം.എം.എം.എല്‍.പി സ്‌കൂള്‍, പുഞ്ചക്കൊല്ലി മോഡല്‍ പ്രീസ്‌കൂള്‍, വാണിയംപുഴ,
പാതാര്‍ തഅ്‌ലിം സിബിയാന്‍ മദ്രസ,
എന്നിവിടങ്ങളിലും
ചുങ്കത്തറ മാര്‍തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമാണ് സന്ദര്‍ശനം നടത്തിയത്. മണ്ഡലത്തിലെ ഉള്‍പ്രദേശങ്ങളിലുള്ള ബൂത്തുകളും സെന്‍സിറ്റിവ് ബൂത്തുകളുമാണ് നേരിട്ട് സന്ദര്‍ശിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തിയത്. നേരത്തേ 204 ബൂത്തുകളാണ് മണ്ഡലത്തിലുണ്ടായിരുന്നത്. 59 ബൂത്തുകള്‍ കൂടി ചേര്‍ത്ത് ഇത്തവണ 263 ബൂത്തുകളാണ് സജ്ജമാക്കുന്നത്. ബൂത്തുകള്‍ സുസജ്ജമാണെന്നും പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് തെരഞ്ഞെടുപ്പ് സംബന്ധിച്ച് കൃത്യമായ അവബോധമുണ്ടെന്നും രത്തന്‍ കേല്‍ക്കര്‍ പറഞ്ഞു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി.എം സനീറ, നിയോജക മണ്ഡലത്തിന്റെ ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ പി സുരേഷ്, നിലമ്പൂര്‍ തഹസില്‍ദാര്‍ എം.പി സിന്ധു തുടങ്ങിയവരും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കൊപ്പമുണ്ടായിരുന്നു.
ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ യോഗവും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗവും നിലമ്പൂരില്‍ ഇന്ന് (ഏപ്രില്‍ 9) നടക്കും. തിങ്കളാഴ്ച ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന പ്രാഥമിക യോഗത്തിന് ശേഷം സിവില്‍ സ്റ്റേഷനിലെ ഇ.വി.എം- വിവിപാറ്റ് ഡിപ്പോയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സന്ദര്‍ശിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥ് ഉള്‍പ്പെടെ പൊലീസ് ഓഫീസര്‍മാര്‍, എക്‌സൈസ് ഉദ്യോഗസ്ഥര്‍, ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍, ബാങ്ക് പ്രതിനിധികള്‍ എന്നിവരുടെ യോഗങ്ങളിലും അദ്ദേഹം തിങ്കളാഴ്ച പങ്കെടുത്തു.