കുടുംബ വഴക്കിനെ തുടര്‍ന്ന് വീടിന് തീവെച്ചു; അമ്മയ്ക്ക് പിറകെ ഭര്‍ത്താവും മകളും മരിച്ചു, മകൻ ഗുരുതരാവസ്ഥയില്‍


കോട്ടയം: എരുമേലിയില്‍ വീടിന് തീപിടിച്ച സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ ഉണ്ടായിരുന്ന രണ്ടുപേർ കൂടി മരിച്ചു.കനകപ്പലം സ്വദേശി സത്യപാലൻ, മകള്‍ അഞ്ജലി എന്നിവരാണ് മരിച്ചത്. സത്യപാലന്റെ ഭാര്യ സീതാമ്മയുടെ മരണം ഉച്ചക്ക് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ മകൻ ആയ ഉണ്ണിക്കുട്ടൻ ചികിത്സയിലാണ്. കുടുംബ വഴക്കിനെ തുടർന്ന് സത്യപാലനാണ് തീ കത്തിച്ചതെന്നാണ് പൊലീസ് നിഗമനം.

ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. തീ ആളിപ്പടരുന്നത് കണ്ട് നാട്ടുകാർ ഓടിക്കൂടി. ഇവരാണ് തീയണച്ച്‌ പരിക്കേറ്റവരെ പുറത്തെടുത്തത്. തീയിട്ടത് ആരെന്ന കാര്യത്തില്‍ ഇപ്പോഴും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കുടുംബാംഗങ്ങള്‍ തമ്മില്‍ കലഹം പതിവായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇതാണ് സത്യപാലൻ തീയിട്ടതാകാമെന്ന സംശയത്തിലേക്ക് എത്തിച്ചത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് ഗുരുതരമായി പൊള്ളലേറ്റ സത്യപാലനും മകളും മരിച്ചത്.