പാപ്പിനിശ്ശേരിയില്‍ നിന്നും കണ്ണൂരിലേക്കുള്ള ബസ്; പരിശോധനയില്‍ 5 കിലോ കഞ്ചാവ് കണ്ടെത്തി, യുപി സ്വദേശികള്‍ പിടിയില്‍


കണ്ണൂർ: പാപ്പിനിശ്ശേരിയില്‍ ബസ്സില്‍ കഞ്ചാവ് കടത്തിയ യുപി സ്വദേശികള്‍ പിടിയില്‍. അഞ്ച് കിലോ കഞ്ചാവാണ് പിടികൂടിയത്.സുശീല്‍ കുമാർ, റാം രത്തൻ സഹിനി എന്നിവരാണ് പിടിയിലായത്.

പാപ്പിനിശ്ശേരിയില്‍ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസ്സിലാണ് കഞ്ചാവ് കണ്ടെത്തിയത്. വാഹന പരിശോധനയ്ക്കിടെയാണ് വളപട്ടണം പൊലീസ് പ്രതികളെ പിടികൂടിയത്. ഒഡീഷയില്‍ നിന്ന് കൊണ്ടുവന്ന കഞ്ചാവ് വില്‍പ്പന ലക്ഷ്യമിട്ടാണ് കണ്ണൂരിലേക്ക് എത്തിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയാണ് സംഭവം.

അതിനിടെ കണ്ണൂർ തളിപ്പറമ്ബ് കാനത്ത് ചിറയില്‍ കഞ്ചാവുമായി ഒരാള്‍ പിടിയിലായി. പശ്ചിമ ബംഗാള്‍ സ്വദേശി ഉത്പല്‍ മൊണ്ടല്‍ ആണ് പിടിയിലായത്. 25 ഗ്രാം ഉണക്ക കഞ്ചാവാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. തളിപ്പറമ്ബ് എക്സൈസിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.