ഐഎസ്‌എല്ലില്‍ ഇന്ന് കലാശപ്പോര്; മോഹൻ ബഗാന്‍ ബെംഗളൂരു എഫ്സിയെ നേരിടും


കൊല്‍ക്കത്ത: ഐഎസ്‌എല്‍ കിരീടപ്പോരാട്ടത്തില്‍ മോഹൻ ബഗാൻ ബെംഗളൂരു എഫ് സിയെ നേരിടും. കൊല്‍ക്കത്തയിലെ സാള്‍ട്ട്‍ലേക്ക് സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴരയ്ക്കാണ് ഫൈനല്‍ തുടങ്ങുക.162 മത്സരങ്ങള്‍ക്കും 465 ഗോളുകള്‍ക്കും ഒടുവില്‍ ഐഎസ്‌എല്‍ പതിനൊന്നാം സീസണിലെ കിരീടപ്പോരില്‍ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും ബെംഗളൂരു എഫ്സിയും നേർക്കുനേർ എത്തുകയാണ്. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായി ഐ എസ് എല്‍ ഷീല്‍ഡ് ഷെല്‍ഫിലെത്തിച്ച മോഹൻ ബഗാൻ ലക്ഷ്യമിടുന്നത് ഇരട്ടക്കിരീടം. സുനില്‍ ഛേത്രിയുടെ ബെംഗളൂരു എഫ്സി സെമിയില്‍ എഫ് സി ഗോവയെ തോല്‍പ്പിച്ചപ്പോള്‍ ജംഷെഡ്പൂർ എഫ്സിയെ മറികടന്നാണ് മോഹൻ ബഗാൻ കിരീടപ്പോരിനിറങ്ങുന്നത്.

ആക്രമണത്തില്‍ ബഗാനും ബെംഗളൂരു എഫ്സിയും ഏറെക്കുറെ ഒപ്പത്തിനൊപ്പമാണ്. ബഗാൻ സീസണിലെ 26 കളിയില്‍ 50 ഗോള്‍ നേടിയപ്പോള്‍ ബെംഗളൂരു എഫ്സി 27 കളിയില്‍ നേടിയത് 48 ഗോള്‍. പ്രതിരോധക്കരുത്തിലാണ് ഇരുടീമുകളും തമ്മില്‍ പ്രകടമായ വ്യത്യാസമുള്ളത്. ബെംഗളൂരു 33 ഗോള്‍ വഴങ്ങിയപ്പോള്‍ ബഗാന്റെ വലയിലെത്തിയത് 18 ഗോള്‍ മാത്രമാണ്. ലീഗ് റൗണ്ടില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇരുടീമിനും ഓരോ ജയമാണ് സ്വന്തമാക്കാനായത്. ബെംഗളൂരുവില്‍ ബിഎഫ്സി എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ചപ്പോള്‍, കൊല്‍ക്കത്തയില്‍ ഒറ്റ ഗോള്‍ ജയത്തിലൂടെ ബഗാൻ മറുപടി നല്‍കി. മോഹൻ ബഗാൻ അഞ്ചാം കിരീടം ലക്ഷ്യമിടുമ്ബോള്‍ രണ്ടാം കിരീടമാണ് ബെംഗളൂരു എഫ് സിയുടെ ലക്ഷ്യം. 2023ലെ ഫൈനലില്‍ ബഗാനോടേറ്റ തോല്‍വിക്ക് പകരം വീട്ടാൻ കൂടിയാണ് ബെംഗളൂരു ഇത്തവണത്തെ കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്നത്.