ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ സംഭവം; കൊണ്ടോട്ടി സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്
മലപ്പുറം: മലപ്പുറത്ത് ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ കൊണ്ടോട്ടി സ്വദേശി വീരാൻ കുട്ടിക്കെതിരെ പൊലീസ് കേസെടുത്തു.സ്ത്രീധന പീഡനം, ഗാർഹിക പീഡനം, മാനസികമായും ശാരീരികമായും ഉപദ്രവിക്കല്‍ നിയമവിരുദ്ധ വിവാഹബന്ധം വേർപെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മൊഴിയുട അടിസ്ഥാനത്തിലാണ് മലപ്പുറം വനിതാ സെല്ലാണ് കേസെടുത്തത്. ഒന്നരവർഷംമുമ്ബാണ് മലപ്പുറം ഊരകം സ്വദേശിയായ യുവതിയും കൊണ്ടോട്ടി സ്വദേശി വീരാൻകുട്ടിയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ തന്നെ സൗന്ദര്യമില്ല എന്ന് പറഞ്ഞ് പീഡനം തുടങ്ങിയെന്ന് യുവതി പറഞ്ഞു.
ഗർഭിണിയായിരിക്കെ തലകറങ്ങി വീണപ്പോള്‍ മാരകരോഗങ്ങള്‍ ഉണ്ടെന്നു പറഞ്ഞു വീട്ടിലേക്ക് മടക്കി വിട്ടു. കുഞ്ഞ് പിറന്നിട്ടു പോലും ഭർത്താവ് തിരിഞ്ഞുനോക്കിയില്ല. പതിനൊന്നുമാസത്തിനുശേഷം കഴിഞ്ഞദിവസം പിതാവിനെ വിളിച്ച് മുത്തലാഖ് ചൊല്ലി ബന്ധം അവസാനിപ്പിക്കുന്നുവെന്ന് വീരാൻകുട്ടി പറഞ്ഞു. വിവാഹ സമ്മാനമായി നല്‍കിയ 30 പവൻ സ്വർണം വീരാൻകുട്ടിയും കുടുംബവും കൈകലാക്കിയെന്നും യുവതിയുടെ പരാതിയിയിലുണ്ട്. മലപ്പുറം വനിതാ പോലീസ് സ്റ്റേഷനിലാണ് ഭർത്താവ് വീരാൻ കുട്ടിക്കെതിരെ യുവതി പരാതി നല്‍കിയിരുന്നത്.
’50 പവനാണ് അവര്‍ ചോദിച്ചത്. എന്‍റെ വീട്ടുകാര്‍ക്ക് 30 പവനാണ് നല്‍കാനായത്. ഇതിന്‍റെ പേരിലാണ് പീഡനം നേരിട്ടത്. പിന്നീട് എനിക്ക് മാരക രോഗമാണെന്ന് പറഞ്ഞ് സ്വന്തം വീട്ടിലേക്ക് പറഞ്ഞയച്ചു. ഇതിനിടയില്‍ ഗര്‍ഭിണിയായി. എല്ലാവരും കുഞ്ഞിനെ ഒഴിവാക്കാൻ പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ കുഞ്ഞിനെ വളര്‍ത്തുന്നുണ്ട്. മൂപ്പരുടെ ഉപ്പയാണ് എനിക്ക് മാരകമായ അസുഖമുണ്ടെന്നാണ് പറഞ്ഞത്. രണ്ടു വര്‍ഷമാണ് പോയത്.’ കുഞ്ഞിന്‍റെ കാര്യത്തിലും തനിക്കും നീതി കിട്ടണമെന്നാണ് യുവതിയുടെ ആവശ്യം.