ഐശ്വര്യത്തിന്‍റേയും കാര്‍ഷിക സമൃദ്ധിയുടെയും ഓര്‍മകള്‍ പുതുക്കി ഇന്ന് വിഷു; ഗുരുവായൂരിലും ശബരിമലയിലും ഭക്തജനതിരക്ക്


തൃശൂർ: ഐശ്വര്യത്തിന്‍റേയും കാർഷിക സമൃദ്ധിയുടെയും ഓർമകള്‍ പുതുക്കി ഇന്ന് വിഷു. കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മകള്‍ പുതുക്കി, കണിക്കൊപ്പം കൈനീട്ടവും നല്‍കി നാടും നഗരവുമെല്ലാം വിഷു ആഘോഷത്തിന്‍റെ തിരക്കിലാണ്.വിഷുക്കണി ദര്‍ശനത്തിനായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. വിഷുക്കണി ദര്‍ശനം പുലര്‍ച്ചെ 2.45 മുതലായിരുന്നു. മേല്‍ശാന്തി കവപ്രമാറത്ത് അച്യുതന്‍ നമ്ബൂതിരി പുലര്‍ച്ചെ കണ്ണനെ കണി കാണിച്ച്‌ വിഷുക്കൈനീട്ടം നല്‍കി.

ശബരിമലയിലും ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നുണ്ട്. നട തുറന്ന് തന്ത്രിയും മേല്‍ശാന്തിയും ഭക്തർക്ക് വിഷുക്കൈനീട്ടം നല്‍കി. പുലർച്ചെ 4 മണി മുതല്‍ രാവിലെ 7 മണിവരെയാണ് ദർശന സമയം. വലിയ തരത്തിലുള്ള തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ഇന്നലെ തന്നെ മുപ്പതിനായിരം ആലുകള്‍ ബുക്ക് ചെയ്തിരുന്നു. തീർത്ഥാടനത്തിന് എത്തിയ ഭക്തർക്ക് വിഷുക്കൈനീട്ടം നല്‍കി. പൂർണ്ണമായും അലങ്കരിച്ച നിലയിലാണ് സന്നിധാനം. വിഷു പ്രമാണിച്ച്‌ പ്രത്യേക പൂജകളുണ്ട്. ഇത്തവണ വിഷുക്കൈനീട്ടമെന്ന രീതിയില്‍ അയ്യപ്പചിത്രമുള്ള ലോക്കറ്റുകള്‍ ദേവസ്വം ബോർഡ് സമ്മാനിക്കും. രാവിലെ 10മണിക്ക് മന്ത്രി വിഎൻ വാസവൻ ഈ ലോക്കറ്റുകള്‍ പുറത്തിറക്കും. ഓണ്‍ലൈൻ വഴിയായി ഈ ലോക്കറ്റുകള്‍ വാങ്ങാൻ കഴിയും.