ശക്തമായ പൊടിക്കാറ്റ്; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം


ദോഹ: ഖത്തറില്‍ ചൊവ്വാഴ്ച ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു. തലസ്ഥാന നഗരിയായ ദോഹ മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാവിലെ മുതല്‍ പൊടിക്കാറ്റ് വീശിയടിച്ചു.ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നിര്‍ദേശിച്ചു. കാലാവസ്ഥാ മാറ്റം സംബന്ധിച്ച്‌ ഖത്തർ കാലാവസ്ഥാ വിഭാഗം നല്‍കിയ മുന്നറിയിപ്പിനു പിന്നാലെയാണ് ചൊവ്വാഴ്ച പുലർച്ചെയോടെ പൊടിക്കാറ്റ് തുടങ്ങിയത്.

പൊടിപടലങ്ങള്‍ കാരണം കാഴ്ച പരിധി ഒരു കിലോമീറ്ററില്‍ താഴെയായി കുറഞ്ഞു. റോഡിലെ കാഴ്ചവരെ മറക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും വാഹന യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. തണുപ്പില്‍ നിന്നും ചൂടിലേക്കുള്ള കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായാണ് പൊടിക്കാറ്റിന്റെ വരവ്. ഒരാഴ്ച്ചവരെ കാറ്റ് തുടരുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് താപനിലയും ഉയരും. തീരപ്രദേശങ്ങളില്‍ ശക്തമായ രീതിയില്‍ പൊടിക്കാറ്റ് തുടരുമെന്നാണ് മുന്നറിയിപ്പ്. കടല്‍ പ്രക്ഷുബ്ധമാവാനും തിരമാലകള്‍ ഉയരാനും സാധ്യതയുള്ളതിനാല്‍ കടലിനെ സമീപിക്കുന്നവർ ജാഗ്രത പാലിക്കണം.

നിലവിലെ കാലാവസ്ഥയില്‍ തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുൻകരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ആസ്ത്മ പോലുള്ള ശ്വസന സംബന്ധമായ അസുഖങ്ങളുള്ളവർ പുറത്തിറങ്ങുമ്ബോള്‍ ജാഗ്രത പാലിക്കാനും മാസ്ക് ധരിക്കാനും നിർദേശിച്ചു.