‘യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം വരെ മാധ്യമങ്ങളോട് മിണ്ടില്ല’; കുറിപ്പുമായി പി.വി. അൻവര്‍


മലപ്പുറം: നിലമ്ബൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുന്നതുവരെ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് മുൻ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായി പി.വി.അൻവർ. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. മാധ്യമങ്ങളുമായുള്ള ആശയവിനിമയം താല്‍ക്കാലികമായി നിർത്തിയെന്നും ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ടെന്നും അന്‍വർ കുറിച്ചു.

സ്ഥാനാർത്ഥിക്കാര്യത്തില്‍ അന്‍വര്‍ കോണ്‍ഗ്രസിനെ വട്ടം കറക്കിയിരുന്നു. ആര്യാടൻ ഷൗക്കത്തിനെ മല്‍സരിപ്പിക്കാനാകില്ലെന്ന് എപി അനില്‍കുമാറുമായുള്ള ചർച്ചയിലും അൻവർ ആവർത്തിക്കുകയായിരുന്നു. ഇതിനിടെ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കാൻ ലീഗ് എംഎല്‍എ നീക്കം നടത്തിയതിനെച്ചൊല്ലി മുന്നണിയില്‍ വിവാദം ഉയ‍ർന്നു.

സ്ഥാനാർത്ഥിക്കാര്യത്തില്‍ പിവി അൻവറിന് ഒരു നിർബന്ധ ബുദ്ധിയും ഇല്ല എന്ന കോണ്‍ഗ്രസിന്റെ അവകാശവാദം പൊളിഞ്ഞു. ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്ന നിലപാടില്‍ നിന്നും പിന്മാറണം എന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള എപി അനില്‍കുമാർ അൻവറുമായി നടത്തിയ കൂടിക്കാഴ്ച പരാജയപ്പെട്ടു. ജോയിയെ തന്നെ മത്സരിപ്പിക്കണം എന്ന പിടിവാശിയില്‍ നിന്നും പിന്മാറാൻ അൻവർ തയ്യാറായില്ല.

കോണ്‍ഗ്രസിന്റെ സ്ഥാനാർത്ഥിക്കാര്യം പൂർണ്ണമായും അൻവറിന്റെ വരുതിയില്‍ ആണെന്നു തെളിയിക്കുന്നതായി എപി അനില്‍കുമാറിന്റെ അൻവറുമായുള്ള കൂടിക്കാഴ്ച. അൻവർ ആകട്ടെ ഷൗക്കത്ത് മത്സരിച്ചാല്‍ തോല്‍പ്പിക്കുമെന്ന മുന്നറിയിപ്പ് തന്നെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കുന്നത്. കഴിഞ്ഞദിവസം ആര്യാടൻ ഷൗക്കത്ത് അൻവറിനെ അനുനയിപ്പിക്കാനായി വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നിട്ടും അൻവർ വഴങ്ങിയില്ല. ഇതോടെ കോണ്‍ഗ്രസിലെ സ്ഥാനാർഥിനിർണയം വഴിമുട്ടുകയായിരുന്നു.