ദില്ലി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ക്കിടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും കുടുംബത്തിനുമെതിരെ നടന്ന സൈബർ അധിക്ഷേപത്തില്‍ പാർലമെൻ്ററി സമിതി പ്രതിഷേധിച്ചു.ശശി തരൂര്‍ അധ്യക്ഷനായ വിദേശകാര്യ പാര്‍ലമെന്‍ററി സമിതിയുടെ ഇന്ന് ചേർന്ന യോഗമാണ് പ്രതിഷേധം അറിയിച്ചത്. ഇന്ത്യയുടെ സൈനിക നീക്കങ്ങള്‍ സംബന്ധിച്ച് മികച്ച നിലയിലാണ് വിദേശകാര്യ സെക്രട്ടറി വിശദീകരിച്ചതെന്ന് ശശി തരൂർ ചൂണ്ടിക്കാട്ടി.
വിദേശകാര്യ സെക്രട്ടറിക്ക് ഐക്യദാർഢ്യം അറിയിക്കാൻ പ്രമേയം പാസാക്കാൻ യോഗം ആലോചിച്ചിരുന്നുവെന്നും എന്നാല്‍ വിക്രം മിസ്രി തന്നെ ഇത് വേണ്ടെന്ന് വ്യക്തമാക്കിയതോടെയാണ് പ്രതിഷേധത്തില്‍ ഒതുക്കിയതെന്നും ശശി തരൂർ വിശദീകരിച്ചു. യോഗത്തില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്ത്രി നിലവിലെ സ്ഥിതി വിശദീകരിച്ചു. ഓപറേഷന്‍ സിന്ദൂര്‍, വെടിനിര്‍ത്തല്‍ ധാരണ, പാകിസ്ഥാന്‍ തുര്‍ക്കി, ചൈന എന്നീ രാജ്യങ്ങളുമായുളള നയതന്ത്രതലത്തില്‍ വന്ന മാറ്റങ്ങളെല്ലാം മിസ്രി സമിതിയെ അറിയിച്ചു. ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാനും പാക് ഭീകരത തുറന്നു കാട്ടാനുമായി വിദേശരാജ്യത്തേക്ക് സര്‍വകക്ഷി പ്രതിനിധി സംഘത്തെ അയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു.