എന്തിനു കൊന്നെന്ന ചോദ്യം, ‘ഞാൻ കൊന്നു ‘ എന്ന് ഭാവഭേദമില്ലാതെ മറുപടി; സന്ധ്യയുടെ മാനസികനില പരിശോധിക്കാൻ പൊലീസ്


കൊച്ചി: എറണാകുളം മൂഴിക്കുളത്ത് മൂന്നു വയസുകാരി കല്യാണിയെ പുഴയില്‍ എറിഞ്ഞു കൊന്നത് താനാണെന്ന് അമ്മ സന്ധ്യ സമ്മതിച്ചെന്ന് പൊലീസ്.എന്തിനു കൊന്നു എന്നാ ചോദ്യത്തിന് ‘ഞാൻ കൊന്നു ‘ എന്ന് ഭാവഭേദം ഇല്ലാതെ മറുപടി. സന്ധ്യയുടെ മാനസിക നില പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. മാനസികാരോഗ്യ വിദഗ്ധൻ സ്റ്റേഷനില്‍ എത്തി സന്ധ്യയെ പരിശോധിക്കും.

സന്ധ്യയ്ക്ക് മാനസിക പ്രശ്നമില്ലെന്നും മുൻപും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്നും കുട്ടിയുടെ അച്ഛൻ സുഭാഷ് പറഞ്ഞു- ‘ഇന്നലെ കുഞ്ഞ് അങ്കണവാടിയില്‍ പോകില്ലെന്ന് പറഞ്ഞതാണ്. താൻ നിർബന്ധിച്ച്‌ വിടുകയായിരുന്നു. സന്ധ്യയാണ് കുഞ്ഞിനെ അങ്കണവാടിയില്‍ വിട്ടത്. താൻ ജോലിക്കും പോയി. സന്ധ്യയുടെ അമ്മയ്ക്കും സഹോദരിക്കും ഈ സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയമുണ്ട്. സന്ധ്യ നേരത്തെയും കുഞ്ഞിനെ ഉപദ്രവിച്ചിട്ടുണ്ട്. ടോർച്ച്‌ വെച്ച്‌ കുഞ്ഞിൻ്റെ തലക്ക് അടിക്കുകയായിരുന്നു. ഇതോടെ സന്ധ്യയെ സ്വന്തം വീട്ടില്‍ കൊണ്ടുവിട്ടിരുന്നു. ഒരു മാസം മുൻപാണ് അമ്മയും സഹോദരിയും ചേർന്ന് പ്രശ്നങ്ങള്‍ പരിഹരിച്ച്‌ സന്ധ്യയെ തിരികെ വിട്ടത്. അമ്മയും സഹോദരിയും പറയുന്നത് മാത്രമേ സന്ധ്യ അനുസരിക്കാറുള്ളൂ. ഇന്നലെ വൈകിട്ട് താൻ സന്ധ്യയെ വിളിച്ചിരുന്നു. മൂന്നരയ്ക്ക് വിളിച്ചപ്പോള്‍ കുക്കറിൻ്റെ വാഷർ വാങ്ങണമെന്ന് പറഞ്ഞു. വീട്ടിലെത്തിയപ്പോള്‍ സന്ധ്യയെ കണ്ടില്ല. വിളിച്ചപ്പോള്‍ മൂഴിക്കുളത്താണെന്ന് പറഞ്ഞു. അവളുടെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ അവിടെ എത്തിയില്ലെന്ന് പറഞ്ഞു. രാത്രിയോടെയാണ് കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് വിളി വന്നത്.’

സന്ധ്യയും ഭർത്താവ് സുഭാഷും തമ്മില്‍ വഴക്ക് പതിവാണെന്നും സന്ധ്യയെ മർദ്ദിക്കാറുണ്ടെന്നുമാണ് സന്ധ്യയുടെ അമ്മയുടെ ആരോപണം. അമ്മ പറയുന്നത് ഇങ്ങനെ-

‘ഇന്നലെ വൈകിട്ട് സന്ധ്യ ഇവിടെ വന്നിരുന്നു. ഒരു കൂസലും കാണിച്ചില്ല. എന്റെ കൈയ്യീന്ന് പോയിന്ന് പറഞ്ഞു. കൊച്ചെവിടെ എന്ന് ആവർത്തിച്ച്‌ ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല. രാത്രി ഏഴ് മണിക്കാണ് വന്നത്. ഇവിടെ മകള്‍ വന്നു നില്‍ക്കാറില്ല. അതിന് ഭർത്താവിന്‍റെ വീട്ടുകാർ അനുവദിക്കാറില്ല. സന്ധ്യയും ഭർത്താവുമായി തർക്കം പതിവാണ്. സുഭാഷ് മർദ്ദിക്കാറുണ്ടെന്ന് സന്ധ്യ പറഞ്ഞിട്ടുണ്ട്. കാര്യങ്ങള്‍ പെട്ടെന്ന് മനസിലാകുന്നയാളല്ല സന്ധ്യ. എന്റെ മൂത്ത മകളുടെയത്ര കാര്യശേഷിയില്ല. വീട്ടുജോലി ചെയ്യുന്നതിലൊക്കെ മടിയാണ്. അത് പറഞ്ഞ് ഭർത്താവുമായി വഴക്ക് പതിവാണ്. കുട്ടികളെ ഇവിടെ നിർത്താൻ ഭർത്താവിന്‍റെ വീട്ടുകാർക്ക് താത്പര്യമില്ല. മകള്‍ക്ക് മാനസിക പ്രശ്നമില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഭർത്താവിന്റെ വീട്ടുകാർ കഴിഞ്ഞ മാസം ആവശ്യപ്പെട്ടു. അത് പ്രകാരം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച്‌ സൈക്യാട്രിസ്റ്റിനെ കാണിച്ച്‌ പ്രയാസങ്ങളില്ലെന്ന് ഉറപ്പാക്കി.’

കൊല്ലപ്പെട്ട മൂന്ന് വയസ്സുകാരിയുടെ ഇൻക്വസ്റ്റ് നടപടി തുടങ്ങി. പോസ്റ്റുമോർട്ടം കളമശേരി മെഡിക്കല്‍ കോളേജിലാണ് നടക്കുക.