1200ല്‍ 1200 നേടിയ 41 മിടുമിടുക്കര്‍, കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത് മലപ്പുറത്ത്


തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി ഫലം വന്നപ്പോള്‍ ഫുള്‍ മാര്‍ക്ക് നേടിയത് 41 മിടുക്കര്‍. രണ്ടാം വര്‍ഷ ഹയര്‍സെക്കൻഡറി പരീക്ഷയില്‍ 77.81 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി.ആകെ 2002 സ്കൂളുകളിലായി സ്കൂള്‍ ഗോയിംഗ് റഗുലര്‍ വിഭാഗത്തില്‍ നിന്ന് 370642 പേര്‍ പരീക്ഷ എഴുതിയതില്‍ 288394 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം 78.69 ആയിരുന്നു. ഒന്നാം വര്‍ഷ പരീക്ഷയുടെ സ്കോറുകള്‍ കൂടി കണക്കിലെടുത്താണ് പരീക്ഷാഫലം നിര്‍ണ്ണയിച്ചിരിക്കുന്നത്. ഫിസിക്സ്, കെമിസ്ട്രി, മാത്തമറ്റിക്സ് വിഷയങ്ങള്‍ക്ക് ഇരട്ട മൂല്യനിര്‍ണ്ണയരീതിയാണ് അവലംബിച്ചത്.

190690 പെണ്‍കുട്ടികളില്‍ 165234 പേരും (86.65%), 179952 ആണ്‍കുട്ടികളില്‍ 123160 പേരും (68.44%) ഉപരി പഠനത്തിന് യോഗ്യത നേടി. 189263 സയന്‍സ് വിദ്യാര്‍ത്ഥികളില്‍ 157561 പേരും (83.25%), 74583 ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥികളില്‍ 51578 പേരും (69.16%), 106796 കോമേഴ്സ് വിദ്യാര്‍ത്ഥികളില്‍ 79255 പേരും (74.21%) ഉപരി പഠനത്തിന് യോഗ്യത നേടി. പട്ടികജാതി വിഭാഗത്തില്‍ 34051 ല്‍ 19719 പേരും (57.91%) പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ 5055 ല്‍ 3047 പേരും (60.28%) ഒ.ഇ.സി. വിഭാഗത്തില്‍ 8848 ല്‍ 6183 പേരും (69.88%) ഒ.ബി.സി. വിഭാഗത്തില്‍ 251245 ല്‍ 197567 പേരും (78.64%) ജനറല്‍ വിഭാഗത്തില്‍ 71443 ല്‍ 61878 പേരും (86.61%) ഉപരി പഠനത്തിന് അര്‍ഹത നേടി.
എയിഡഡ് മേഖലയിലെ സ്കൂളുകളില്‍ നിന്ന് 182409 ല്‍ 149863 പേരും (82.16%) ഗവണ്‍മെന്റ് മേഖലയിലെ 163904 ല്‍ 120027 പേരും (73.23%) അണ്‍എയിഡഡ് മേഖലയിലെ 23998 ല്‍ 18218 പേരും (75.91%) ഉപരി പഠനത്തിന് യോഗ്യരായി.

റഗുലര്‍ സ്കൂള്‍ ഗോയിംഗ് വിഭാഗത്തില്‍ 30145 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും A+ ഗ്രേഡിനര്‍ഹത നേടി. ഇതില്‍ 22663 പേര്‍ പെണ്‍കുട്ടികളും 7482 പേര്‍ ആണ്‍കുട്ടികളുമാണ്. സയന്‍സ് വിഭാഗത്തില്‍ 22772 പേര്‍ക്കും ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 2863 പേര്‍ക്കും കോമേഴ്സ് വിഭാഗത്തില്‍ 4510 പേര്‍ക്കും എല്ലാ വിഷയങ്ങള്‍ക്കും A+ ഗ്രേഡ് ലഭിച്ചു. ഇതില്‍ 41 കുട്ടികള്‍ക്ക് മുഴുവന്‍ സ്കോറും 1200/1200 ലഭിച്ചു.

46810 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും A ഗ്രേഡോ അതിനു മുകളിലോ 54743 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും B+ ഗ്രേഡോ അതിനു മുകളിലോ 65420 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും B ഗ്രേഡോ അതിനു മുകളിലോ 59115 പേര്‍ C+ ഗ്രേഡോ അതിനു മുകളിലോ 31963 പേര്‍ C ഗ്രേഡോ അതിനു മുകളിലോ 198 പേര്‍ D+ ഗ്രേഡോ അതിനു മുകളിലോ നേടുകയുണ്ടായി. 81579 പേര്‍ക്ക് D ഗ്രേഡും 669 പേര്‍ക്ക് E ഗ്രേഡുമാണ് ലഭിച്ചിട്ടുള്ളത്. തിയറി പരീക്ഷക്ക്, ഗ്രേസ് മാര്‍ക്കിനര്‍ഹതയുണ്ടെങ്കില്‍ ആയത് സഹിതം 30 ശതമാനം സ്കോറും, TE, CE, PE എന്നിവക്കെല്ലാം കൂടി 30 ശതമാനമോ അതിന് മുകളിലോ സ്കോര്‍ ലഭിക്കുന്ന വിദ്യാര്‍ത്ഥിക്ക് മാത്രമേ ഉപരി പഠനത്തിനര്‍ഹതയുണ്ടായിരിക്കുകയുള്ളൂ .

വിജയ ശതമാനം ഏറ്റവും കൂടുതല്‍ എറണാകുളം ജില്ലയിലും (83.09%) ഏറ്റവും കുറവ് കാസർകോഡ് ജില്ലയിലുമാണ് (71.09%). ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ (785 പേര്‍) പരീക്ഷയ്ക്ക് സജ്ജരാക്കിയ എസ്.വി ഹയര്‍സെക്കന്ററി സ്കൂള്‍ പാലേമേട്, മലപ്പുറം 72.48% പേരെ ഉപരി പഠനത്തിന് യോഗ്യരാക്കി. തിരുവനന്തപുരം ജില്ലയിലെ സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്കൂള്‍ പട്ടം, മലപ്പുറം ജില്ലയിലെ എം.എസ്.എം. ഹയര്‍സെക്കന്ററി സ്കൂള്‍ കല്ലിങ്ങല്‍പ്പറമ്ബ, ഗവ.രാജാസ് ഹയര്‍സെക്കന്ററി സ്കൂള്‍, എന്നീ സ്കൂളുകളില്‍ യഥാക്രമം 756, 712, 712 ഉം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി. വിജയശതമാനം യഥാക്രമം 79.37, 91.01, 86.1 ഉം ആണ്.

ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ മുഴുവന്‍ വിഷയങ്ങള്‍ക്കും A+ ഗ്രേഡിനര്‍ഹരാക്കിയ ജില്ല മലപ്പുറം (4735) ആണ്. നൂറുമേനി വിജയം കരസ്ഥമാക്കിയ 57 സ്കൂളുകളാണുള്ളത്. മുപ്പതില്‍ താഴെ വിജയ ശതമാനമുള്ള സ്കൂളുകളുടെ എണ്ണം 46 ആണ്. പരീക്ഷാഫലം www.results.hse.kerala.gov.in, www.results.digilocker.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ് സൈറ്റുകളിലും PRD Live, SAPHALAM 2025, iExaMs-Kerala എന്നീ മൊബൈല്‍ ആപ്പുകളിലും ഫലം ലഭ്യമാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും പ്രസ്തുത മൊബൈല്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പിയും സ്കൂളുകള്‍ക്ക് തങ്ങളുടെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെ ഫലം മൊത്തത്തിലും ഡൗണ്‍ലോഡ് ചെയ്തെടുക്കുവാനുള്ള വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. പരീക്ഷാഫലം വിദ്യാര്‍ത്ഥികള്‍ക്ക് പെട്ടെന്ന് ലഭിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.