സെഞ്ച്വറിയുമായി മാര്‍ഷ്, അടിച്ചുതകര്‍ത്ത് പൂരാൻ; ഗുജറാത്തിനെ പഞ്ഞിക്കിട്ട് ലക്നൗ


അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരെ ലക്നൗ സൂപ്പര്‍ ജയന്റ്സിന് കൂറ്റൻ സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലക്നൗ നിശ്ചിത 20 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സ് നേടി.117 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷിന്‍റെ തകര്‍പ്പൻ സെഞ്ച്വറിയാണ് ലക്നൗവിന് മികച്ച സ്കോര്‍ സമ്മാനിച്ചത്.

മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ എയ്ഡൻ മാര്‍ക്രവും മിച്ചല്‍ മാര്‍ഷും ലക്നൗവിന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 9.5 ഓവറില്‍ 91 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 24 പന്തുകള്‍ നേരിട്ട മാര്‍ക്രം 3 ബൗണ്ടറികളും 2 സിക്സറുകളും സഹിതം 36 റണ്‍സാണ് നേടിയത്. മാര്‍ക്രം പുറത്തായതിന് പിന്നാലെ നിക്കോളാസ് പൂരാൻ ക്രീസിലെത്തി. 10.3 ഓവറില്‍ ടീം സ്കോര്‍ 100 തികഞ്ഞു. 12-ാം ഓവറില്‍ റാഷിദ് ഖാനെ മാര്‍ഷ് കടന്നാക്രമിച്ചു. രണ്ട് സിക്സറുകളും മൂന്ന് ബൗണ്ടറികളും സഹിതം 25 റണ്‍സാണ് റാഷിദ് വഴങ്ങിയത്.

മാര്‍ഷും പൂരാനും തകര്‍ത്തടിച്ചതോടെ ലക്നൗവിന്‍റെ സ്കോര്‍ കുതിച്ചുയര്‍ന്നു. 14.2 ഓവറില്‍ ടീം സ്കോര്‍ 150 കടന്നു. 16-ാം ഓവറില്‍ മുഹമ്മദ് സിറാജും നിക്കോളാസ് പൂരാനും തമ്മില്‍ വാക്പോരില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് അവസാന രണ്ട് പന്തുകളില്‍ ഒരു ബൗണ്ടറിയും സിക്സറു പറത്തിയാണ് പൂരാൻ മറുപടി നല്‍കിയത്. സിറാജിന്റെ ഈ ഓവറില്‍ ആകെ 20 റണ്‍സ് പിറക്കുകയും ചെയ്തതോടെ ലക്നൗ സ്കോര്‍ വീണ്ടും ഉയര്‍ന്നു. 17-ാം ഓവറില്‍ മിച്ചല്‍ മാര്‍ഷ് സെഞ്ച്വറി നേടി. 56 പന്തുകളില്‍ നിന്നായിരുന്നു മാര്‍ഷിന്റെ സെഞ്ച്വറി. ഈ ഐപിഎല്ലില്‍ ഒരു വിദേശ താരം ആദ്യമായാണ് സെഞ്ച്വറി നേടുന്നത്. പിന്നാലെ, പൂരാൻ 23 പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ചു. 17.4 ഓവറില്‍ ടീം സ്കോര്‍ 200 കടക്കുകയും ചെയ്തു.

19-ാം ഓവറിന്റെ രണ്ടാം പന്തില്‍ മിച്ചല്‍ മാര്‍ഷിനെ അര്‍ഷാദ് ഖാൻ പുറത്താക്കി. 64 പന്തുകള്‍ നേരിട്ട മാര്‍ഷ് 10 ബൗണ്ടറികളുടെയും 8 സിക്സറുകളുടെയും അകമ്ബടിയോടെ 117 റണ്‍സ് നേടിയാണ് മടങ്ങിയത്. അവസാന രണ്ട് ഓവറില്‍ 21 റണ്‍സാണ് ലക്നൗ ബാറ്റര്‍മാര്‍ നേടിയത്. അവസാന ഓവറില്‍ കാഗിസോ റബാഡയ്ക്ക് എതിരെ നായകൻ റിഷഭ് പന്ത് രണ്ട് സിക്സറുകള്‍ നേടി. 27 പന്തില്‍ 56 റണ്‍സുമായി പൂരാനും 6 പന്തില്‍ 16 റണ്‍സുമായി പന്തും പുറത്താകാതെ നിന്നു.