നിലമ്ബൂര്‍ തിരഞ്ഞെടുപ്പ് ചൂടിലേക്ക്, ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19 ന്, വോട്ടെണ്ണല്‍ 23 ന്
മലപ്പുറം : സിപിഎം സ്വതന്ത്ര എംഎല്‍എ പിവി അൻവർ രാജിവെച്ച നിലമ്ബൂർ നിയോജക മണ്ഡലത്തില്‍ ജൂണ്‍ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.വോട്ടെണ്ണല്‍ ജൂണ്‍ 23ന് നടക്കും. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെയുണ്ടാകും. പത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി ജൂണ്‍ 2 ആണ്. 3ന് സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തിയ്യതി ജൂണ്‍ 5 ആണ്.
സിപിഎമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും ഇടഞ്ഞാണ് പിവി അൻവർ എംഎല്‍എ സ്ഥാനം രാജിവെച്ചത്. യുഡിഎഫിനെതിരെ വലിയ വിമർശനങ്ങളുയർത്തിയ രാഹുല്‍ ഗാന്ധിയ്ക്കെതിരെ അപകീർത്തി പരാമർശങ്ങള്‍ നടത്തിയ അൻവറിനെ സഹകരിപ്പിക്കണോ എന്നതില്‍ കോണ്‍ഗ്രസില്‍ രണ്ടഭിപ്രായമുയർന്നിരുന്നു. അൻവർ രാജിവെച്ച് മാസങ്ങള്‍ക്ക് ശേഷമാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേർന്ന അൻവറിനോട് സഹകരിക്കാൻ യുഡിഎഫ് തീരുമാനിച്ചത്. നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പും പിന്നാലെ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പും കണക്കിലെടുത്താണ് അന്‍വറിനെ യുഡിഎഫുമായി സഹകരിപ്പിക്കണമെന്ന കാര്യത്തില്‍ ഘടകക്ഷികള്‍ ഒന്നിച്ചത്. അതിനിടെ നിലമ്ബൂരില്‍ ആര്യാടൻ ഷൌക്കത്തിനെ സ്ഥാനാർത്ഥിയാക്കരുതെന്നും വിഎസ് ജോയിയെ മത്സരിപ്പിക്കണമെന്നും അൻവർ ഒരു ഘട്ടത്തില്‍ തുറന്നടിച്ചത് കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരുന്നു. അൻവർ പറയുന്ന ആളെ സ്ഥാനാർത്ഥിയാക്കുന്ന സ്ഥിതിയുണ്ടാകരുതെന്നാണ് ചില നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ നടക്കുന്ന ഉപ തെരഞ്ഞെടുപ്പ് സിപിഎമ്മിനും യുഡിഎഫിനും നിർണായകമായാണ് വിലയിരുത്തല്‍.