‘ആരെയെങ്കിലും എംഎല്‍എ ആക്കാനല്ല രാജിവച്ചത്, മത്സരിക്കുമോയെന്നത് തള്ളുകയും കൊള്ളുകയും വേണ്ട’; പിവി അന്‍വര്‍
നിലമ്ബൂര്‍: നിലമ്ബൂർ ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി നിർണയം പൊട്ടിത്തെറിയിലേക്ക്. കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിനെ അംഗീകരിക്കില്ലെന്ന് പരസ്യ സൂചന നല്‍കി പിവി അൻവർ രംഗത്ത്.ആരെയെങ്കിലും എംഎല്‍എ ആക്കാനല്ല താൻ രാജിവച്ചത്. പിണറായിസത്തെ തോല്‍പ്പിക്കാൻ ചെകുത്താന്‍റെ ഒപ്പം നില്‍ക്കും, പക്ഷെ ചെകുത്താൻ നല്ലത് ആയിരിക്കണം. താൻ തന്നെ മത്സരിക്കുമോ എന്നത് തള്ളുകയും കൊള്ളുകയും വേണ്ടെന്നും പിവി അൻവർ പറഞ്ഞു.
യുഡിഎഫ് പ്രവേശനം വൈകുന്നതില്‍ കടുത്ത എതിർപ്പും പി വി അൻവർ ഉന്നയിച്ചു. അസോസിയേറ്റഡ് മെമ്ബർ ആക്കും എന്നാണ് പറഞ്ഞത്, അതും ആക്കിയില്ല. ‘അസോസിയേറ്റഡ് മെമ്ബർ എന്നാല്‍ ബസിന്‍റെ വാതിലില്‍ നില്‍ക്കുന്നത് പോലെയാണ്. സീറ്റ് കിട്ടിയാല്‍ അല്ലേ ഇരിക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്‍റെ പ്രവർത്തകർക്ക് അതൃപ്തി ഉണ്ട്. യുഡിഎഫില്‍ നടക്കുന്നത് അന്തം വിട്ട ആലോചനയാണ്. ഇപ്പോഴും ഗൗരവം നേതൃത്വത്തിന് ബോധ്യപ്പെട്ടിട്ടില്ല. താൻ ക്രിസ്ത്യൻ സ്ഥാനാർഥിയുടെ പേര് നിർദേശിച്ചിട്ടില്ലെന്ന കെപിസിസി പ്രസിഡന്‍റിന്‍റെ പ്രസ്താവനയോട്, സണ്ണി പ്രസിഡന്‍റ് ആയിട്ട് ദിവസങ്ങള്‍ അല്ലേ ആയിട്ടുള്ളൂവെന്ന് അദ്ദേഹം മറുപടി നല്‍കി.