പിവി അൻവര്‍ സമ്മര്‍ദ്ദത്തില്‍, സ്വതന്ത്രനായി മത്സരിക്കുമോ? ലീഗ് നേതാക്കളെ കാണുന്നു


മലപ്പുറം : ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായതോടെ പിവി അൻവർ സമ്മർദ്ദത്തില്‍. താൻ പറയുന്ന സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നതില്‍ യുഡിഎഫ് വഴങ്ങില്ലെന്ന് ഉറപ്പായതോടെ പിവി അൻവർ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമോ എന്നതില്‍ ആകാംക്ഷ.നിലവില്‍ അൻവർ മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയാണ്. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കുന്നതിനെ എതിർക്കുന്ന അൻവറിന്റെ പരാമർശങ്ങളില്‍ കോണ്‍ഗ്രസിന് കടുത്ത അതൃപ്തിയിലാണ്. അൻവറിന്റെ വിലപേശലിന്റെ വഴങ്ങേണ്ടെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് കോണ്‍ഗ്രസ്. നേരത്തെ, ആര് സ്ഥാനാർഥിയായാലും പിന്തുണക്കുമെന്ന് ഉറപ്പ് നല്‍കിയ അൻവർ പിന്നെ മലക്കം മറിഞ്ഞതിലും കോണ്‍ഗ്രസിന് അതൃപ്‌തിയുണ്ട്. അൻവർ യുഡിഎഫിന്റെ വിജയം ഉറപ്പാക്കി കരുത്ത് തെളിയിക്കട്ടെ എന്ന് ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച്‌ എല്‍ഡിഎഫ് ബന്ധം ഉപേക്ഷിച്ച അൻവർ, എംഎല്‍എ സ്ഥാനം രാജിവച്ചതോടെയാണ് നിലമ്ബൂരില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
പിണറായിസത്തിന്‍റെയും മരുമോനിസത്തിന്റെയും അവസാനമാകും
ഈ ഉപതെരഞ്ഞെടുപ്പെന്നാണ് അൻവറിന്റെ പ്രഖ്യാപനം.
അപ്രതീക്ഷിതമായി എംഎല്‍എ സ്ഥാനം രാജിവെച്ച അൻവറിന് ഇപ്പോഴും ജനപിന്തുണയുണ്ടെന്ന് തെളിയിക്കാൻ ഇടതു മുന്നണി തോല്‍ക്കുകയും യുഡിഎഫ് വൻ ഭൂരിപക്ഷത്തില്‍ ജയിക്കുകയും വേണം. പിണറായി ഭരണത്തിനും പൊലീസിനും എതിരെ ആരോപണങ്ങളുമായി അൻവർ മുന്നിലുണ്ട്. നിലവില്‍ നടത്തുന്ന വിലപേശലിലൂടെ മുന്നണിയിലെ കസേരയും നിയമസഭ സീറ്റുകളുമാണ് അൻവറിന്റെ ലക്ഷ്യം