കുട്ടി വീണിട്ടും ബസ് നിര്‍ത്തിയില്ലെന്ന് പരാതി; സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്ക് വീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്


പത്തനംതിട്ട: സ്വകാര്യ ബസില്‍ നിന്ന് തെറിച്ച്‌ വീണ് വിദ്യാർത്ഥിക്ക് പരിക്ക്. തിരുവല്ല പൊടിയാടിയിലാണ് സംഭവം.തിരുവല്ല എം ജി എം സ്കൂളിലെ വിദ്യാർത്ഥിയാണ് സ്വകാര്യ ബസിൻ്റെ വാതില്‍ പടിയില്‍ നിന്ന് പുറത്തേക്ക് തെറിച്ച്‌ വീണത്. കുട്ടി വീണിട്ടും ബസ് നിർത്താതെ പോയെന്ന് നാട്ടുകാരനായ മനുകുമാർ ആരോപിച്ചു.
ഓട്ടോമാറ്റിക് ഡോറുള്ള ബസാണിത്. വിദ്യാർത്ഥി ബസിലേക്ക് കയറുന്നതിനിടെ ഡോർ അടയുകയായിരുന്നു. ഈ സമയം തന്നെ ബസ് മുന്നിലേക്ക് എടുത്തു. ഇതോടെ പിടിവിട്ട് കുട്ടി പുറത്തേക്ക് വീഴുകയായിരുന്നു. വിദ്യാർത്ഥിക്ക് നിസാര പരിക്ക് മാത്രമാണ് ഏറ്റതെന്നാണ് വിവരം. വീണയുടൻ കുട്ടി സ്വയം എഴുന്നേല്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.