സൗദിയുടെ ടി20 ലീഗിനെ വെട്ടാന്‍ കൈ കോര്‍ത്ത് ബിസിസിഐയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും, പിന്തുണച്ച്‌ ഓസ്ട്രേലിയ


ലണ്ടൻ: സൗദി അറേബ്യ ആസ്ഥാനമായി വരാനിരിക്കുന്ന പുതിയ ടി20 ലീഗിനെ തുടക്കത്തിലെ വെട്ടാന്‍ കൈ കോര്‍ത്ത് ബിസിസിഐയും ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും.സൗദിയിലെ എസ് ആര്‍ ജെ സ്പോര്‍ട്സാണ് സൗദി സര്‍ക്കാരിന്‍റെ കൂടെ പിന്തുണയോടെ 400 മില്യണ്‍ ഡോളര്‍ മുടക്കി ലോകത്തിലെ ഏറ്റവും വലിയ ടി20 ലീഗ് തുടങ്ങാന്‍ പദ്ധതിയിടുന്നത്.
എന്നാല്‍ സൗദിയിലെ ടി20 ലീഗുമായി യാതൊരുതരത്തിലുള്ള സഹകരണവും വേണ്ടെന്നാണ് ബിസിസഐയുടെയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്‍റെയും തീരുമാനമെന്ന് ബ്രിട്ടീഷ് ദിനപത്രമായ ഗാര്‍ഡിയൻ റിപ്പോര്‍ട്ട് ചെയ്തു. സ്വന്തം ലീഗായ ഐപിഎല്ലും ഹണ്ട്രഡും സംരക്ഷിക്കാനായാണ് ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുകള്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ മാസാമാദ്യം ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ലോര്‍ഡ്സില്‍ നടന്ന ലോക ടെസ്റ്റ് ചാമ്ബ്യൻഷിപ്പ് ഫൈനലിനിടെ ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഉന്നതര്‍ തമ്മില്‍ സൗദി ടി20 ലീഗുമായി സഹകരിക്കുകയോ ലീഗിനെ പ്രോത്സാഹിപ്പിക്കുകയോ വേണ്ടെന്ന ധാരണയിലെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ടി20 ലീഗുമായി സൗദി മുന്നോട്ടുപോയാലും കളിക്കാര്‍ക്ക് സൗദി ലീഗില്‍ കളിക്കാന്‍ എന്‍ഒസി നല്‍കേണ്ടെന്നും ഇരു ബോര്‍ഡുകളും തീരുമാനിച്ചിട്ടുണ്ട്. അതേസമയം, സൗദി ടി20 ലീഗില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന് താല്‍പര്യമുണ്ടെന്നാണ് സൂചന. എട്ട് ടീമുകള്‍ അടങ്ങുന്ന സൗദി ടി20 ലീഗ് ടെന്നീസ് ഗ്രാന്‍സ്ലാം പോലെ ഓരോ വര്‍ഷവും വ്യത്യസ്ത വേദികളില്‍ നടത്താനാണ് എസ് ആര്‍ ജെ പദ്ധതിയിടുന്നത്. ഇതില്‍ ഒരുവേദിയാവാന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് താല്‍പര്യം അറിയിച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയുടെയും ഇംഗ്ലണ്ടിന്‍റെയും താരങ്ങളില്ലാതെ തുടങ്ങുന്ന ലീഗിന് എത്രമാത്രം കാണികളെ ആകര്‍ഷിക്കാനാവുമെന്ന ആശങ്കയുണ്ട്. പുതിയ ലീഗിനെക്കുറിച്ച്‌ ഐസിസി ഇതുവരെ നിലപാടെടുത്തിട്ടില്ല. ജയ് ഷായാണ് ഐസിസി ചെയര്‍മാനെന്നതിനാല്‍ ബിസിസിഐ താല്‍പര്യത്തിന് വിരുദ്ധമായൊരു നിലപാടെടുക്കാന്‍ ഐസിസിയും തയാറായേക്കില്ലെന്നാണ് കരുതുന്നത്.

ഫുട്ബോളില്‍ കാശെറിഞ്ഞ് ഞെട്ടിച്ച മാതൃക പിന്തുടരാന്‍ സൗദി

ലോക ഫുട്ബോളിലെ സൂപ്പർ താരങ്ങളെയെല്ലാം മോഹവില കൊടുത്ത് സൗദി പ്രോ ലീഗിലെത്തിച്ചതുപോലെയൊരു നീക്കമായിരിക്കും ടി20 ലീഗ് തുടങ്ങുമ്ബോഴും സംഭവിക്കുകയെന്നാണ് ബിസിസഐയുടെയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്‍റെയും വിലയിരുത്തല്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റയല്‍ മാഡ്രിഡില്‍ നിന്ന് കരീം ബെന്‍സേമ, ബ്രസീലിന്‍റെ നെയ്മർ തുടങ്ങിയ സൂപ്പര്‍ താരങ്ങളെയെല്ലാം പ്രോ ലീഗിലെത്തിച്ചാണ് സൗദി ഫുട്ബോള്‍ ആരാധകരെ ഞെട്ടിച്ചത്. 2034ലെ ഫുട്ബോള്‍ ലോകകപ്പ് ആതിഥ്യം വഹിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തിന്‍റെ പ്രതിച്ഛായ മാറ്റാനായിരുന്നു സൗദി ഫുട്ബോളില്‍ വന്‍ നിക്ഷേപം നടത്തിയത്.