കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
റവന്യൂ, പോലീസ്, തദ്ദേശസ്ഥാപന വകുപ്പ്, അഗ്നിരക്ഷാ സേന, ഫിഷറീസ് വകുപ്പ്, തീരദേശ പോലീസ്, ജലസേചന വകുപ്പ്, വൈദ്യുത വകുപ്പ് തുടങ്ങിയവർക്കുള്ള പ്രത്യേക നിർദേശം.കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
റെഡ് അലർട്ട്
26/06/2025: ഇടുക്കി, മലപ്പുറം, വയനാട്
ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട്പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് അർത്ഥമാക്കുന്നത്.
ഓറഞ്ച് അലർട്ട്
26/06/2025: പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ
27/06/2025: എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട്
28/06/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
മഞ്ഞ അലർട്ട്
26/06/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസർഗോഡ്
27/06/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
28/06/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ്
29/06/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അതിതീവ്രമഴ ലഭിക്കുന്ന സാഹചര്യം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാൻ സാധ്യത കൂടുതലാണ്. ഇത് മുന്നിൽ കണ്ട് കൊണ്ടുള്ള തയാറെടുപ്പുകൾ നടത്തേണ്ടതും വരും ദിവസങ്ങളിലെ ദിനാന്തരീക്ഷാവസ്ഥയും (Weather) കാലാവസ്ഥാ മുന്നറിയിപ്പുകളും സൂക്ഷ്‌മമായി വിലയിരുത്തേണ്ടതുമാണ്.
ഇത്തരം മുന്നറിയിപ്പുകളുടെ ഘട്ടത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും മറ്റ് സർക്കാർ സംവിധാനങ്ങളും ഏത് തരത്തിലാണ് പ്രവർത്തിയ്ക്കേണ്ടത് എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിശദമായ മാർഗരേഖ ‘ഓറഞ്ച് ബുക്ക് 2024’ – ലൂടെ തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്തുത മാർഗരേഖയ്ക്ക് അനുസൃതമായി ജില്ലയിൽ ദുരന്ത പ്രതിരോധ-പ്രതികരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതാണ്. നിലവിലെ മുന്നറിയിപ്പിൻറെ പശ്ചാത്തലത്തിൽ ഓറഞ്ച് ബുക്ക് 2024 ൽ വൾനറബിൾ ഗ്രൂപ്പ് (Vulnerable Group) എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന വിഭാഗങ്ങൾക്കായി ക്യാമ്പുകൾ തയാറാക്കി ആവശ്യമായ ഘട്ടങ്ങളിൽ ആളുകളെ മുൻകൂട്ടി തന്നെ മാറ്റി താമസിപ്പിക്കേണ്ടതാണ്.താലൂക്ക് കൺട്രോൾ റൂമുകളും ജില്ലാ കൺട്രോൾ റൂമുകളും 24*7 മണിക്കൂറും പ്രവർത്തിയ്‌ക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
അതിശക്തമായ മഴ തുടർച്ചയായി പെയ്യുന്ന സാഹചര്യത്തിൽ പ്രാദേശികമായ ചെറിയ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും. ആയതിനാൽ ജില്ലയിലെ ദുരന്ത സാധ്യത മേഖലകളിലെ ദുരന്ത പ്രതികരണ സംവിധാനങ്ങളെ മഴ തുടരുന്ന സാഹചര്യത്തിൽ അലർട്ട് ആക്കി നിർത്തേണ്ടതാണ്.മലയോര മേഖലയിൽ മഴ തുടരുന്ന സാഹചര്യം പരിശോധിച്ച് അതിനനുസൃതമായ നടപടികൾ സ്വീകരിക്കേണ്ടതും തദ്ദേശസ്ഥാപന തലത്തിലും വില്ലേജ് തലത്തിലും ജാഗ്രത നിർദേശം നൽകുകയും ശക്തമായ മഴ തുടരുന്ന സാഹചര്യമുണ്ടെങ്കിൽ മലയോര മേഖലയിലേക്കുള്ള ഗതാഗതം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുകയും അപകടാവസ്ഥയിൽ (മുകളിൽ സൂചിപ്പിച്ച വൾനറബിൾ ഗ്രൂപ്പിൽ ഉൾപ്പെട്ടവരെ) മാറ്റി താമസിപ്പിക്കുകയും ചെയ്യാവുന്നതാണ്. ഇത്തരം സാഹചര്യം അന്വേഷിച്ച് ഉറപ്പാക്കി പോലീസ്, വനംവകുപ്പ്, ഫയർ ഫോഴ്‌സ്, തദ്ദേശ സ്ഥാപനങ്ങൾ, റവന്യു ഉദ്യോഗസ്ഥർ, ഡാം ഓപ്പറേറ്റർമാർ എന്നിവർക്ക് ജാഗ്രത നിർദേശം നൽകുകയും ഇവരുടെയെല്ലാം ഏകോപനം ഉറപ്പാക്കുകയും ചെയ്യേണ്ടതാണ്.
ഡാമുകളുടെ റൂൾ curve കൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെറിയ ഡാമുകളിൽ നേരത്തെ തന്നെ തയ്യാറെടുപ്പുകൾ നടത്താനും കെ.എസ്.ഇ.ബി, ഇറിഗേഷൻ, KWA വകുപ്പുകൾക്ക് നിർദേശം നൽകേണ്ടതാണ്. നദികളിലെ ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് പ്രത്യേകം നിരീക്ഷിക്കേണ്ടതാണ്.കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പുകൾ അപ്‌ഡേറ്റ് ചെയ്യുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റങ്ങൾ വരുന്നതാണ്. അവ യഥാസമയം അപ്‌ഡേറ്റ് ചെയ്യുന്നതാണ്.