മാതാപിതാക്കള്‍ ചികിത്സ നിഷേധിച്ചു, ഒരു വയസ്സുള്ള കുഞ്ഞ് മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ച് മരിച്ചു
മലപ്പുറം: മാതാപിതാക്കള്‍ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഒരു വയസ്സുള്ള കുഞ്ഞ് മഞ്ഞപ്പിത്തം മൂർച്ഛിച്ച് മരിച്ചു.മലപ്പുറം വളാഞ്ചേരി പാങ്ങ് സ്വദേശികളായ ഹിറ ഹറീറ – നവാസ് ദമ്ബതികളുടെ കുഞ്ഞ് എസൻ എർഹാനാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് കാടാമ്ബുഴ പൊലീസ് കേസെടുത്തു.
വളാഞ്ചേരി പാങ്ങ് സ്വദേശികളായ ഹിറ ഹറീറ – നവാസ് എന്നിവർ കോട്ടക്കല്‍ എടരിക്കോട് പഞ്ചായത്തില്‍ നോവപ്പടിയില്‍ വാടകക്ക് താമസിക്കുകയായിരുന്നു. ഇവിടെ വെച്ച് മഞ്ഞപ്പിത്തം ബാധിക്കുകയായിരുന്നെന്നാണ് വിവരം. ചികിത്സ ലഭിക്കാതെ ഇന്നലെ വൈകുന്നേരം കുഞ്ഞ് മരിച്ചു. ഡോക്ടറെ വീട്ടിലേക്ക് വിളിച്ച് മരണം സ്ഥിരീകരിച്ചു. വൈകുന്നേരം 5.30ഓടെ ഇവർ മരണ വിവരം പഞ്ചായത്ത് അധികൃതരെ അറിയിച്ചു. ഇന്ന് രാവിലെ കുഞ്ഞിന്‍റെ മൃതദേഹം വളാഞ്ചേരി പാങ്ങിലെ വീട്ടിലെത്തിച്ച് 8.45ന് ഖബറടക്കി.
ഇതിനുപിന്നാലെയാണ് ചികിത്സ നിഷേധിച്ച വിവരമറിഞ്ഞ് നാട്ടുകാരും പൊതുപ്രവർത്തകരും രംഗത്തെത്തിയത്. മാതാപിതാക്കള്‍ ചികിത്സ നല്‍കാത്തതിനെ തുടർന്നാണ് കുഞ്ഞ് മരിച്ചതെന്ന ആരോപണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അക്യുപങ്ചർ ചികിത്സ നടത്തുന്നയാളാണ് മാതാവ് ഹിറ ഹറീറ. വീട്ടില്‍ വെച്ചായിരുന്നു ഹിറ ഹറീറ കുഞ്ഞിനെ പ്രസവിച്ചത്. തുടർന്ന് സുഖപ്രസവം വിവരിച്ച് ഇവർ ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്ന നിരവധി പോസ്റ്റുകളും യുവതി ഫേസ്ബുക്കില്‍ ഷെയർ ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ കാടാമ്ബുഴ പൊലീസ് മാതാപിതാക്കളെ വിളിച്ചുവരുത്തി മൊഴിയെടുത്തു. ആരോഗ്യ വകുപ്പ് സംഘം വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കുഞ്ഞിന് യാതൊരു പ്രതിരോധ കുത്തിവെപ്പും നല്‍കിയിരുന്നില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്. മരണം നടന്നത് കോട്ടക്കല്‍ പൊലീസ് പരിധിയിലായതിനാല്‍ തുടരന്വേഷണം കോട്ടക്കല്‍ പൊലീസാകും നടത്തുക.