Fincat

ആരോഗ്യമന്ത്രിക്കെതിരെ കേസെടുക്കണം’; പരാതി നല്‍കി ആം ആദ്മി ; സംസ്ഥാന വ്യാപകമായി ഇന്നും പ്രതിഷേധം

 

കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തില്‍ ആരോഗ്യ മന്ത്രിക്കെതിരെ പരാതി നല്‍കി ആം ആദ്മി പാര്‍ട്ടി. അപകടം ഗുരുതരമല്ലന്ന വ്യാഘാനം രക്ഷപ്രവര്‍ത്തനത്തെ ബാധിച്ചു എന്നും പരാതി. ആരോഗ്യ മന്ത്രി വീണ ജോര്‍ജ്, മന്ത്രി വി എന്‍ വാസവന്‍, ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കിയത്.

അതേസമയം ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ സംസ്ഥാന വ്യാപകമായി ഇന്നും പ്രതിഷേധം തുടരും. എല്ലാ ജില്ലകളിലും യൂത്ത് കോണ്‍ഗ്രസ് ഇന്ന് പ്രതിഷേധം നടത്തും. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ വസതിയിലേയ്ക്കാണ് മാര്‍ച്ച്. പത്തനംതിട്ടയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വീട്ടിലേയ്ക്കും എം.എല്‍.എ ഓഫീസിലേക്കും പ്രതിഷേധത്തിന് സാധ്യത ഉണ്ട്. പ്രതിഷേധം മുന്നില്‍ക്കണ്ട് മന്ത്രിയുടെ ഓഫീസിനും വീടിനും കനത്ത സുരക്ഷ ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മറ്റു ജില്ലകളില്‍ കളക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിക്കും. അപ്രതീക്ഷിത പ്രതിഷേധങ്ങള്‍ക്കും കരിങ്കൊടി പ്രതിഷേധത്തിനും സാധ്യതയുണ്ട്. മന്ത്രി രാജി വെക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

അതേസമയം, സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയില്ലെന്ന കുടുംബത്തിന്റെ പരാതിയും വിമര്‍ശനങ്ങള്‍ക്കുമിടെ മന്ത്രി വി എന്‍ വാസവനും ജില്ലാ കലക്ടറും ഉള്‍പ്പെടെയുള്ളവര്‍ തലയോലപ്പറമ്പിലെ വീട്ടില്‍ ഇന്നലെ നേരിട്ട് എത്തി കുടുംബത്തിന് അടിയന്തര ധനസഹായം കൈമാറിയിരുന്നു. മെഡിക്കല്‍ കോളജിന്റെ എച്ച്ഡിഎസ് ഫണ്ടില്‍നിന്നുള്ള 50,000 രൂപയാണ് അടിയന്തര ധനസഹായം.

നാല് കാര്യങ്ങളാണ് കുടുംബം മുന്നോട്ട് വെച്ചത്. ബിന്ദുവിന്റെ മകളുടെ ചികിത്സയാണ് കുടുംബം മുന്നോട്ട് വെച്ച പ്രധാന ആവശ്യം. ചികിത്സ പൂര്‍ണ്ണമായും സര്‍ക്കാര്‍ സൗജന്യമായി ഉറപ്പാക്കും. മകന് താത്കാലി ജോലി നല്‍കാനും തീരുമാനിച്ചു. സ്ഥിര ജോലി സംബന്ധിച്ച് പിന്നീട് തീരുമാനിക്കും. ധനസഹായത്തില്‍ ഈ മാസം 11 ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.