Fincat

താലൂക്ക് ആശുപത്രിയില്‍ ആദിവാസി യുവതിക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം; ഗര്‍ഭസ്ഥശിശു മരിച്ചു


ഇടുക്കി: ഇടുക്കി അടിമാലി താലൂക്ക് ആശുപത്രിയില്‍ ഗുരുതര അനാസ്ഥ. ഗര്‍ഭിണിയായ ആദിവാസി യുവതിക്ക് മതിയായ ചികിത്സ ലഭിക്കാത്തതിനാല്‍ ഗർഭസ്ഥ ശിശു മരിച്ചതായി ആരോപണം.കുറത്തികുടി ഷിബു- ആശ ദമ്ബതികളുടെ കുഞ്ഞാണ് മരിച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ജൂണ്‍ 14-ന് ഇവർ ആശുപത്രിയിലെത്തുന്നത്. എന്നാല്‍ ഡോക്ടർ നേരിട്ടെത്തി പരിശോധിക്കാതെ ഫോണിലൂടെ ആരോഗ്യവിവരങ്ങള്‍ തിരക്കി തിരികെ അയച്ചുവെന്നും അന്ന് രാത്രിയില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിന് പിന്നാലെ കുട്ടി മരിച്ചെന്നുമാണ് കുടുംബം ആരോപിക്കുന്നത്.

‘ജൂണ്‍ 14-ന് രാത്രി പരിശോധനയ്ക്ക് ഗൈനക്കോളജി ഡോക്ടര്‍ എത്തിയില്ല. ഡോക്ടര്‍ ഫോണിലൂടെയാണ് വിവരങ്ങള്‍ തേടിയത്. ആരോഗ്യനില ഗുരുതരമായതിനാല്‍ സ്വകാര്യ ആശുപത്രിയിലേക്ക് പറഞ്ഞയച്ചു. അപ്പോഴേക്കും കുട്ടിയുടെ ഹൃദയമിടിപ്പ് കുറഞ്ഞു. ശസ്ത്രക്രിയ നടത്തി കുട്ടിയെ പുറത്തെടുത്തെങ്കിലും ഒരു മണിക്കൂറിനകം മരിച്ചു. ജൂണ്‍ 14-ന് അഡ്മിറ്റ് ചെയ്തിരുന്നെങ്കില്‍ കുട്ടി മരിക്കില്ലായിരുന്നു’, കുടുംബം ആരോപിച്ചു.

അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി അടിമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് അരുണ്‍ ജേക്കബ് രംഗത്തെത്തി. ആശയ്ക്ക് കൃത്യമായ ചികിത്സ നല്‍കിയെന്നും പരിശോധനയില്‍ പ്രശ്‌നങ്ങളില്ലാത്തതിനാലാണ് വിട്ടയച്ചതെന്നും അരുണ്‍ ജേക്കബ് പറഞ്ഞു. ആരോഗ്യാവസ്ഥ ഗുരുതരമായതിനാലാണ് രാത്രിയില്‍ സ്വകാര്യ ആശുപത്രിയിലേക്ക് പറഞ്ഞയച്ചതെന്നും ചികിത്സ നിഷേധിച്ച ഡോക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.