Fincat

കടുത്ത വിമര്‍ശനവുമായി വിജയ്; കണ്ടില്ലെന്ന് നടിച്ച്‌ എഐഎഡിഎംകെ


ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയ് തങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം തുടരുമ്ബോഴും കണ്ടില്ലെന്ന് നടിച്ച്‌ എഐഎഡിഎംകെ.ബിജെപിക്ക് എഐഎഡിഎംകെ തങ്ങളുടെ പ്രത്യയശാസ്ത്രം പണയം വച്ചെന്നാണ് വിജയുടെ പ്രധാന ആരോപണം. ഇതടക്കമുള്ള ആരോപണങ്ങള്‍ വിജയ് തുടരുന്നതാണ് എഐഎഡിഎംകെ കണ്ടില്ലെന്ന് നടിക്കുന്നത്.

വെള്ളിയാഴ്ച നടന്ന ടിവികെ സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് വിജയ് എഐഎഡിഎംകെയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. 2026ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ വിരുദ്ധ സഖ്യത്തില്‍ വിജയെയും ടിവികെയെയും ഒപ്പം ചേര്‍ക്കാനായി എഐഎഡിഎംകെ ശ്രമിക്കുന്നതിനിടയിലാണ് വിജയുടെ രൂക്ഷവിമര്‍ശനം. ഇതാദ്യമായിട്ടായിരുന്നു വിജയ് എഐഎഡിഎംകെയെ പേരെടുത്ത് വിമര്‍ശിച്ചത്.

ബിജെപിയോട് പല സമയങ്ങളിലായി സഖ്യത്തെത്തിയിട്ടുള്ള ഡിഎംകെയുമായോ എഐഎഡിഎംകെയുമായോ സഖ്യത്തിനില്ല എന്ന് വിജയ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ടിവികെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുകയും മുന്നണിയെ നയിക്കുകയും ചെയ്യുമെന്നും വിജയ് പറഞ്ഞിരുന്നു.

അതേ സമയം എഐഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി കെ പി മുനുസ്വാമി അടക്കമുള്ള മുതിര്‍ന്ന നേതാക്കളാരും വിജയുടെ വിമര്‍ശനത്തില്‍ പ്രതികരിച്ചിട്ടില്ല. പലരും വിഷയത്തില്‍ പ്രതികരിക്കാതെ മാധ്യമങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ്.

വിജയ്‌ക്കെതിരെ ആരോപണങ്ങളൊന്നും ഉന്നയിക്കരുതെന്ന് എഐഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി നേരത്തെ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ജനങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച്‌ യുവജനങ്ങള്‍ക്കിടയില്‍ വിജയ്ക്ക് വലിയ സ്വാധീനമുള്ളതിനാല്‍ ആരോപണങ്ങളുന്നയിച്ചാല്‍ തിരിച്ചടിയാവുമെന്നായിരുന്നു അതിന് അന്ന് നല്‍കിയ വിശദീകരണം.

വിജയുടെ വിമര്‍ശനങ്ങളോട് പ്രതികരിച്ചാല്‍ നടന് അത് രാഷ്ട്രീയമായി വലിയ പ്രതിച്ഛായ ഉണ്ടാക്കാന്‍ സഹായിക്കും. അതിനാല്‍ വിമര്‍ശനങ്ങളെ കണ്ടില്ലെന്ന് നടിക്കാനാണ് എഐഎഡിഎംകെ തീരുമാനം. മാത്രമല്ല വിജയുമായി ഡിഎംകെ വിരുദ്ധ മുന്നണിയില്‍ ഒന്നിക്കാമെന്ന പ്രതീക്ഷ പാര്‍ട്ടി ഇപ്പോഴും കൈവിട്ടില്ലെന്ന് എഐഎഡിഎംകെ വൃത്തങ്ങള്‍ പറയുന്നു.