Fincat

കിഡ്‌നി ക്യാന്‍സര്‍ ; ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

വൃക്കയിലെ കോശങ്ങള്‍ അനിയന്ത്രിതമായി വളര്‍ന്ന് ട്യൂമര്‍ രൂപപ്പെടുമ്പോഴാണ് വൃക്ക ക്യാന്‍സര്‍ വികസിക്കുന്നത്. പ്രായമായവരില്‍, പ്രത്യേകിച്ച് 50 വയസ്സിനു മുകളിലുള്ളവരില്‍ ഇത് കൂടുതലായി കാണപ്പെടുന്നു. മുതിര്‍ന്നവരില്‍ ഏറ്റവും സാധാരണമായ വൃക്ക കാന്‍സര്‍ തരം വൃക്കകോശ കാര്‍സിനോമയാണ്. ഇത് 90 ശതമാനം കേസുകളിലും കാണപ്പെടുന്നു.

വേദന, മുഴ, വേദനാജനകമായ മൂത്രമൊഴിക്കല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഒരു ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണെന്ന് ഈ മേഖലയിലെ വിദഗ്ദര്‍ പറയുന്നു.

മൂത്രത്തില്‍ ചെറിയ അളവില്‍ രക്തം കാണുന്നതും മറ്റൊരു ലക്ഷണമാണ്. മുഴകള്‍ വളരുമ്പോള്‍ അവ വയറുവേദന, നടുവേദന, അല്ലെങ്കില്‍ ഇടയ്ക്കിടെ മൂത്രത്തില്‍ രക്തസ്രാവം എന്നിവയ്ക്ക് കാരണമാകും. ശ്രദ്ധേയമായ ഒരു മുഴ അല്ലെങ്കില്‍ കഫത്തില്‍ രക്തം പോലുള്ള ലക്ഷണങ്ങള്‍ വൃക്ക ക്യാന്‍സറില്‍ കാണാറുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

അടിവയറ്റിലോ വൃക്ക ഭാഗത്തോ കാണപ്പെടുന്ന മുഴയും കിഡ്നി കാന്‍സറിന്റെ ലക്ഷണമാകാം. കാലുകളിലും കണങ്കാലുകളിലും കാണപ്പെടുന്ന വീക്കം കിഡ്നി കാന്‍സറിന്റെ ഭാഗമായി ഉണ്ടാകുന്ന ഒരു ലക്ഷണമാണ്. മുഴകള്‍ നേരത്തെ കണ്ടെത്തുന്നത് രോഗത്തില്‍ നിന്ന് രക്ഷ നേടാന്‍ സഹായിക്കുന്നതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ട്യൂമറിന്റെ ഘട്ടത്തെയും വലുപ്പത്തെയും ആശ്രയിച്ച് ചികിത്സാ രീതികള്‍ വ്യത്യാസപ്പെടുന്നു.

മൂത്ര പരിശോധന, രക്തപരിശോധനകള്‍, സിടി സ്‌കാന്‍, അള്‍ട്രാസൗണ്ട്,റീനല്‍ മാസ് ബയോപ്സി എന്നീ മാര്‍ഗങ്ങളിലൂടെയാണ് കിഡ്‌നി കാന്‍സര്‍ കണ്ടെത്തുക.