എഞ്ചിനീയറിങ് കോളേജിലെ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ ; കോളേജ് സഹൃദം എത്തിയത് ക്രിപ്‌റ്റോ കറണ്‍സിയിലും രാജ്യാന്തര ലഹരി ഇടപാടിലും ; ഡാര്‍ക്ക് നെറ്റ് ലഹരിയില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍
കെറ്റാമെലോണ്‍ ഡാര്‍ക്ക് നെറ്റ് ലഹരി ഇടപാടില്‍ അറസ്റ്റിലായ മൂന്ന് പ്രതികളും സഹപാഠികള്‍ എന്ന് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. എഡിസണ്‍ ബാബുവും ഡിയോളും അരുണ്‍ തോമസും മൂവാറ്റുപുഴയിലെ എന്‍ജിനിയറിങ് കോളേജില്‍ ഒരേ ക്ലാസില്‍ പഠിച്ചവരാണ്. 2019 മുതല്‍ ഡിയോള്‍ രാജ്യാന്തര തലത്തില്‍ ലഹരി ഇടപാടുകള്‍ നടത്തിയിരുന്നു. പ്രതികളെ നാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
മൂവാറ്റുപുഴയിലെ സ്വകാര്യ എന്‍ജിനിയറിങ് കോളേജില്‍ ബിടെക് പഠനം ഒരേ ക്ലാസ്സില്‍ ഇരുന്ന് പൂര്‍ത്തിയാക്കിയവരാണ് എഡിസന്‍ ബാബുവും കെ വി ഡിയോളും അരുണ്‍ തോമസും. പഠനം പൂര്‍ത്തിയാക്കി എഡിസണ്‍ മുംബൈയിലും പൂനെയിലും ജോലി ചെയ്തപ്പോള്‍ 2019 മുതല്‍ തന്നെ ഡിയോള്‍ ലഹരി ഇടപാടുകള്‍ തുടങ്ങി. ഓസ്‌ട്രേലിയ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളിലേക്ക് മാരക ലഹരി മരുന്നായ കെറ്റാമൈന്‍ എത്തിച്ചു. തന്റെ സാമ്പത്തിക വളര്‍ച്ച കാണിച്ചുകൊടുത്താണ് ഉറ്റ സുഹൃത്തായ എഡിസനെയും ഡിയോള്‍ ലഹരി വലയില്‍ എത്തിച്ചത്.
പാഞ്ചാലിമേടിലുള്ള ഡിയോളിന്റെ റിസോര്‍ട്ട് ലഹരി പാര്‍ട്ടികളുടെ കേന്ദ്രമായിരുന്നു എന്നാണ് എന്‍സിബിയുടെ കണ്ടെത്തല്‍. ലഹരി ഉപയോഗത്തിന് പുറമേ ഡാര്‍ക്ക് നെറ്റ് വഴിയുള്ള ലഹരി വില്പനയും റിസോര്‍ട്ടില്‍ നടന്നതായി എന്‍ സി ബിക്ക് വിവരം ലഭിച്ചു. റിസോര്‍ട്ടിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നിറയെ എഡിസനും ഡിയോളുമൊക്കെ ഒരുമിച്ചുള്ള ചിത്രങ്ങളും റീലുകളും ഉണ്ട്.
കുടുംബവുമൊത്ത് എഡിസണ്‍ റിസോര്‍ട്ടിലേക്ക് പതിവായി എത്തുമായിരുന്നു. വീട്ടുകാര്‍ക്ക് പോലും എഡിസന്റെ ലഹരി ഇടപാടുകളെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. സമര്‍ത്ഥനായ എന്‍ജിനീയറാണ് എഡിസണ്‍ എന്ന് എന്‍സിബി വ്യക്തമാക്കുന്നു. 25 മുതല്‍ 30 വരെ സങ്കീര്‍ണമായ പാസ്വേഡുകള്‍ ഓര്‍ത്തിരിക്കാന്‍ സാധിക്കും. ഈ പാസ്വേഡുകളാണ് ഡാര്‍ക്ക് നെറ്റിലേക്ക് കയറാന്‍ ഉപയോഗിച്ചിരുന്നത്. പ്രതികളെ ലഹരി ഇടപാടിനെ സഹായിച്ചു എന്ന കുറ്റത്തിനാണ് ഡിയോളിന്റെ ഭാര്യ അഞ്ജുവിനെ എന്‍സിബി അറസ്റ്റ് ചെയ്തത്. ലഹരി ഇടപാടിലൂടെ സമ്പാദിച്ച കോടികള്‍ എവിടെയെന്ന അന്വേഷണത്തിലാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ.
ക്രിപ്‌റ്റോ കറന്‍സിയിലൂടെ എഡിസണ്‍ നടത്തിയ ഇടപാടുകള്‍ പൂര്‍ണമായും പരിശോധിക്കാന്‍ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട് എന്‍ സി ബി. എഡിസനെയും അരുണ്‍ തോമസിനെയും ഡിയോളിനെയും ഇന്ന് അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങും. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കാനാണ് തീരുമാനം.