Fincat

സൊമാറ്റോ മാനേജ്മെന്റിനെതിരെ സൊമാറ്റോ ഡെലിവറി ജീവനക്കാരുടെ സമരം; പിന്തുണയുമായി ഐഎന്‍ടിയുസി

സൊമാറ്റോ മാനേജ്മെന്റിന്റെ ചൂഷണങ്ങള്‍ക്കെതിരെ ഡെലിവറി ജീവനക്കാര്‍ നടത്തുന്ന സമരത്തിന് ഐ.എന്‍.ടി.യു.സി യംഗ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍ പിന്തുണ പ്രഖ്യാപിച്ചു. സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ ഡെലിവറി ജീവനക്കാര്‍ സമാനതകളില്ലാത്ത ദുരിതങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.

ജീവനക്കാര്‍ ഉന്നയിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ ഇവയാണ്:

വരുമാനത്തിലെ കുറവ്– കഴിഞ്ഞ അഞ്ച് മാസത്തിലേറെയായി ഓരോ ഓര്‍ഡറില്‍ നിന്നും 5 രൂപ മുതല്‍ 15 രൂപ വരെ വെട്ടിക്കുറയ്ക്കുന്നത് പ്രതിദിന വരുമാനത്തില്‍ 250 മുതല്‍ 350 രൂപ വരെ കുറവുണ്ടാക്കി.

അപകട ഇന്‍ഷുറന്‍സ്– ജോലിക്കിടെ അപകടത്തില്‍പ്പെട്ട് മരണമടയുന്ന തൊഴിലാളികള്‍ക്ക് മതിയായ നഷ്ടപരിഹാരം പോലും ലഭിക്കാത്ത അവസ്ഥ. അനാവശ്യമായ കാത്തിരിപ്പ്: തിരക്കുള്ള സമയങ്ങളില്‍ പോലും ഹോട്ടലുകളില്‍ ഡെലിവറി ജീവനക്കാരെ മണിക്കൂറുകളോളം കാത്തിരിപ്പിക്കുന്നത് തൊഴിലാളി വിരുദ്ധ നടപടിയാണ്.

‘സെലക്ട് ടു ഗോ’ ഓപ്ഷന്‍- ‘സെലക്ട് ടു ഗോ’ എന്ന പുതിയ ഓപ്ഷന്‍ വഴി 15ശതമാനം മുതല്‍ 30 ശതമാനം വരെ കമ്മീഷന്‍ പിടിച്ചുകൊണ്ട് കുറച്ചുപേര്‍ക്ക് മാത്രം ഓര്‍ഡറുകള്‍ നല്‍കുന്നു. ഇത് വര്‍ഷങ്ങളായി ഈ തൊഴില്‍ ചെയ്യുന്നവര്‍ക്ക് മണിക്കൂറുകളോളം ഓര്‍ഡര്‍ ലഭിക്കാത്ത സാഹചര്യമുണ്ടാക്കുന്നു. ഇത് അവരുടെ യഥാര്‍ത്ഥ ജോലിസമയം ആപ്പില്‍ രേഖപ്പെടുത്താതെ വരുന്നതിനും കാരണമാകുന്നുണ്ട്.

കരാര്‍ ലംഘനം– 2022 സെപ്റ്റംബര്‍ 7-ന് തിരുവനന്തപുരം ലേബര്‍ കമ്മീഷന്‍ മുമ്പാകെ സൊമാറ്റോ കമ്പനി പ്രതിനിധികള്‍ ഒപ്പിട്ടുനല്‍കിയ കരാര്‍ പ്രകാരം, ഒരു ഡെലിവറി ജീവനക്കാരനെ പുറത്താക്കുന്നതിന് കുറഞ്ഞത് ഏഴ് ദിവസം മുന്‍പ് വിശദീകരണം ചോദിക്കണമെന്ന വ്യവസ്ഥ പാലിക്കപ്പെടുന്നില്ല.

തൊഴില്‍ വകുപ്പിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ഐഎന്‍ടിയുസി

ഈ പ്രശ്‌നങ്ങള്‍ അതീവ ഗുരുതരമാണെന്നും ഡെലിവറി ജീവനക്കാര്‍ നടത്തുന്ന സമരത്തില്‍ തൊഴില്‍ വകുപ്പ് അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്നും യംഗ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.