Fincat

തലപ്പാറയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് തോട്ടില്‍ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം തലപ്പാറയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് തോട്ടില്‍ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൂന്നിയൂര്‍ ആലിന്‍ചുവട് സ്വദേശിയും വലിയ പറമ്പില്‍ താമസക്കാരനുമായ ഹാഷിറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടത്തെ തുടര്‍ന്ന് തോട്ടിലേക്ക് തെറിച്ചുവീണ ഹാഷിറിനായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. ഞായറാഴ്ച വൈകുന്നേരം ആറിനാണ് തലപ്പാറ ചെറിയ പാലത്തില്‍ വെച്ച് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടമുണ്ടായത്.

ഇന്ന് രാവിലെ നാട്ടുകാര്‍ നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. അപകടം സംഭവിച്ചതിന് 500 മീറ്റര്‍ അകലെയായിരുന്നു മൃതദേഹം. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രക്കാരന്‍ പുഴയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ശക്തമായ ഒഴുക്കുള്ള പുഴയില്‍ നാട്ടുകാരും അഗ്‌നിരക്ഷാ സേനയും പോലീസും ചേര്‍ന്ന് രാത്രിയില്‍ തെരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടത്താനായില്ല. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.