Fincat

ഇടപാടുകാരെ വഞ്ചിച്ച്‌ 100 കോടിയിലേറെ രൂപ തട്ടിയ മലയാളി ദമ്ബതികള്‍ കെനിയയിലേക്ക് കടന്നു; പരാതിയുമായി 430 പേര്‍


ബെംഗളുരൂ: ബെംഗളൂരുവില്‍ ഇടപാടുകാരെ വഞ്ചിച്ച്‌ 100 കോടിയിലേറെ രൂപ തട്ടിയ മലയാളി ദമ്ബതികള്‍ കെനിയയിലേക്ക് കടന്നു.ആയിരത്തിലധികം ഇടപാടുകാരെ വഞ്ചിച്ച ആലപ്പുഴ സ്വദേശി ടോമി എം വര്‍ഗീസും ഭാര്യ സിനിയും കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയിലേക്കാണ് മുങ്ങിയത്. വ്യാഴാഴ്ച മുംബൈയില്‍ നിന്നാണ് ഇരുവരും നാടുവിട്ടത്. ഇവര്‍ക്കെതിരെ ബെംഗളൂരു പൊലീസിന് 430പേര്‍ പരാതി നല്‍കിയത്.

ബെംഗളൂരു രാമമൂര്‍ത്തി നഗറില്‍ ദമ്ബതികളുടെ ഉടമസ്ഥതയിലുള്ള എ ആന്‍ഡ് ചിറ്റ്‌സില്‍ ചൊവ്വാഴ്ച വരെ ഇവരെത്തിയിരുന്നു. അസുഖബാധിതനായ ആലപ്പുഴയിലെ അടുത്ത ബന്ധുവിനെ കാണാനെന്ന് പറഞ്ഞാണ് ഇരുവരും ബെംഗളൂരു വിട്ടത്. പിന്നീട് വ്യാഴാഴ്ച കൊച്ചിയില്‍ നിന്നും മുംബൈയിലേക്കും അവിടെ നിന്ന് നെയ്‌റോബിയിലേക്കും പോയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

ഇടവക പള്ളിയുമായും മലയാളി സംഘടനകളുമായുള്ള അടുപ്പത്തിന്റെ മറവിലാണ് ദമ്ബതികള്‍ ധനകാര്യ സ്ഥാപനത്തിലേക്ക് ആളുകളെ ആകര്‍ഷിച്ചത്. ശനിയാഴ്ചയാണ് തട്ടിപ്പ് സംബന്ധിച്ച ആദ്യ പരാതി പൊലീസിന് ലഭിച്ചത്. നൂറുകോടിയിലേറെ രൂപയുടെ തട്ടിപ്പാണ് നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

പറ്റിക്കപ്പെട്ടവരില്‍ ഭൂരിപക്ഷം പേരും മലയാളികളാണ്. അഞ്ച് കോടി രൂപയ്ക്ക് മുകളിലുള്ള സാമ്ബത്തിക തട്ടിപ്പുകേസുകള്‍ ക്രൈം ബ്രാഞ്ച് കുറ്റാന്വേഷണ വിഭാഗമായതിനാല്‍ കേസിന്റെ അന്വേഷണം അവര്‍ക്ക് വിട്ടേക്കും.