Fincat

യുഎഇയിൽ ഇന്ത്യയുടെ യുപിഐ പേയ്മെന്‍റ് വ്യാപിപ്പിക്കുന്നു 

ദുബൈ: ഇന്ത്യക്കാര്‍ക്ക് ഇനി അധികം വൈകാതെ തന്നെ പണം, കാര്‍ഡുകള്‍ എന്നിവ കൈവശം വെക്കാതെ യുഎഇയിലേക്ക് യാത്ര ചെയ്യാം. ക്യൂ ആര്‍ കോഡ് ഉപയോഗിച്ചുള്ള ഇന്ത്യയുടെ യുപിഐ പേയ്മെന്‍റ് സംവിധാനം യുഎഇയില്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണ്.

ഇതോടെ യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് പണമോ എടിഎം കാര്‍ഡുകളോ ഇല്ലാതെ തന്നെ യുപിഐ ആപ്ലിക്കേഷന്‍ വഴി ഇടപാടുകള്‍ നടത്താനാകും. ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ നാഷനൽ പെയ്മെന്‍റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ റിതേഷ് ഷുക്ല, ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. ലുലു ഹൈപ്പർ മാർക്കറ്റ്, ദുബൈ ഡ്യൂട്ടി ഫ്രീ എന്നിവിടങ്ങളിൽ നിലവില്‍ ക്യൂ.ആർ കോഡ് ഉപയോഗിച്ചുള്ള യു.പി.ഐ പെയ്മെന്‍റ് ഇടപാട് അനുവദിക്കുന്നുണ്ട്.

രണ്ടാം ഘട്ടമെന്ന നിലയിലാണ് ഈ സംവിധാനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത്. മഷ്രിക് ബാങ്കിന്‍റെ നിയോപേ, നെറ്റ്വർക്ക് ഇന്‍റർനാഷനൽ, മാഗ്നാട്ടി തുടങ്ങിയ പെയ്മെന്‍റ് സേവന ദാതാക്കളുടെ പങ്കാളിത്തത്തിലൂടെയാണ് ഇത് സാധ്യമാക്കുകയെന്ന് റിതേഷ് ഷുക്ല പറഞ്ഞു. ഇതിനായി യുഎഇയുടെ പ്രാദേശിക പേയ്മെന്‍റ് സംവിധാനം എഎഎൻഐയുടെയും ഇന്ത്യയുടെ യു.പി.ഐയുടെയും ഡിജിറ്റൽ പേയ്‌മെന്‍റ് പ്ലാറ്റ്‌ഫോമുകളുടെ സംയോജനം പൂർത്തിയാകേണ്ടതുണ്ട്.