ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ വനിതാ ടെന്നീസ് താരത്തെ പിതാവ് വെടിവെച്ച് കൊന്നു. സംസ്ഥാനതല ടെന്നീസ് താരം രാധികാ യാദവ് ആണ് കൊല്ലപ്പെട്ടത്.രാധികയുടെ റീല്‍സ് ചിത്രീകരണത്തില്‍ പിതാവ് അസ്വസ്ഥനായിരുന്നുവെന്നാണ് റിപ്പോർട്ട്.
അഞ്ച് തവണ പിതാവ് വെടിവെച്ചു. മൂന്ന് ബുള്ളറ്റുകള്‍ രാധികയുടെ ശരീരത്തില്‍ കൊണ്ടുവെന്നാണ് വിവരം. ശബ്ദം കേട്ട് സമീപത്തുള്ളവർ എത്തി യുവതിയെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ജീവൻ രക്ഷിക്കാനായില്ലെന്ന് ഗുരുഗ്രാം പൊലീസ് അറിയിച്ചു. പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെടിവെക്കാൻ ഉപയോഗിച്ച തോക്കും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് ആശുപത്രിയില്‍ നിന്നാണ് വിവരം ലഭിച്ചതെന്ന് സെക്ടർ 56 പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ രാജേന്ദർ കുമാർ പറഞ്ഞു. കൊലപാതക കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ബന്ധുക്കളെയും അയല്‍ക്കാരെയും ചോദ്യം ചെയ്തുവരികയാണ്. വിശദമായ ഫോറൻസിക് റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും കുറ്റകൃത്യം നടന്ന സമയത്തെ പ്രതിയുടെ മാനസികാവസ്ഥ വിലയിരുത്തുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.