Fincat

വിശുദ്ധ കഅ്ബ കഴുകല്‍ ചടങ്ങ് പൂര്‍ത്തിയായി

റിയാദ്: പ്രവാചക പാത പിന്തുടര്‍ന്ന് മക്ക മസ്ജിദുല്‍ ഹറാമിലെ വിശുദ്ധ കഅ്ബ കഴുകി. സല്‍മാന്‍ രാജാവിനുവേണ്ടി മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ അമീര്‍ സഊദ് ബിന്‍ മിശ്അലിന്റെ മേല്‍നോട്ടത്തിലാണ് വ്യാഴാഴ്ച രാവിലെ കഅ്ബ കഴുകല്‍ ചടങ്ങ് നടന്നത്. ബുധനാഴ്ച കഅ്ബയുടെ വാതില്‍ വിരി ഉയര്‍ത്തിയോടെ കഴുകല്‍ ചടങ്ങിന് തുടക്കമായി. വ്യാഴാഴ്ച രാവിലെ മുതല്‍ കഴുകല്‍ ആരംഭിച്ചു. കഴുകുന്നതിന് മുമ്പ് തറയിലെ പൊടിയും ചെളിയും തുടച്ചുമാറ്റി. പിന്നീട് സംസം വെള്ളം നിറച്ച ചെമ്പ് പാത്രങ്ങള്‍ എത്തിച്ചു. മുന്തിയതരം പനിനീര്‍, ഊദ് തൈലം എന്നിവ സംസമില്‍ കലര്‍ത്തിയിരുന്നു.

ഊദും റോസ് വാട്ടറും കലര്‍ത്തിയ സംസമില്‍ നനച്ച തുണികഷ്ണങ്ങള്‍ ഉപയോഗിച്ച് കഅ്ബയുടെ അകത്തെ ചുമരുകളും മൂന്ന് തൂണുകളും തറകളും തുടച്ചുവൃത്തിയാക്കി. തുടര്‍ന്ന് കഅബയുടെ അകംമുഴുവനും ഏറ്റവും പുതിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് സുഗന്ധം പൂശി. കഅബ കഴുകല്‍ ചടങ്ങ് പൂര്‍ത്തിയാക്കിയ ശേഷം മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ ഹജറുല്‍ അസ്വദ് ചുംബിക്കുകയും കഅ്ബ പ്രദക്ഷിണം ചെയ്യുകയും ‘മഖാമു ഇബ്രാഹി’മിന് പിന്നില്‍ രണ്ട് റക്അത്ത് നമസ്‌കരിക്കുകയും ചെയ്തു.

ചടങ്ങില്‍ ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ, ഇരുഹറം മതകാര്യ മേധാവി ഡോ. അബ്ദുറഹ്‌മാന്‍ അല്‍സുദൈസ് ഇരുഹറംകാര്യ പ്രസിഡന്‍സി എക്‌സിക്യൂട്ടീവ് മേധാവി എന്‍ജി. ഗാസി അല്‍ ശഹ്റാനി എന്നിവരും നിരവധി ശൈഖുമാരും ഉദ്യോഗസ്ഥരും നയതന്ത്ര ഉദ്യോഗസ്ഥരും കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പുകാരനും പങ്കെടുത്തു.