കുവൈത്ത് സിറ്റി: കുവൈത്തിലെ സബാഹ് അൽ സലേമിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ വൻ ചാരായ നിർമാണശാല കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുസുരക്ഷ വിഭാഗം നടത്തിയ പരിശ്രമത്തിലാണ് ഈ രഹസ്യ ചാരായ നിർമാണശാല കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഒരു പ്രവാസി അറസ്റ്റിലായി. സൂചനകളുടെ അടിസ്ഥാനത്തിൽ ഉപേക്ഷിച്ചിരിക്കുന്ന വീട്ടിൽ ഏഷ്യൻ പൗരന്മാരുടെ ആവർത്തിച്ചുള്ള സന്ദർശനം ശ്രദ്ധയിൽപ്പെട്ടതോടെ അധികൃതർ നിരീക്ഷണം ആരംഭിക്കുകയായിരുന്നു. സംശയം ഉയർന്നതിനെ തുടർന്ന് സുരക്ഷാ പട്രോൾ സംഘങ്ങൾ സ്ഥലത്തേക്ക് നിയോഗിച്ചു.
വിവരത്തിന്‍റെ അടിസ്ഥാനത്തിൽ, സുരക്ഷാ പട്രോൾ സംഘങ്ങളെ ഉടൻ തന്നെ പ്രദേശത്ത് വിന്യസിച്ച് നിരീക്ഷിക്കുന്നതിനിടെ ഈ വീട്ടിൽ നിന്ന് ഒരു ഏഷ്യൻ പൗരൻ ബസ്സോടിച്ച് പുറത്തുവരുന്നത് ഉദ്യോഗസ്ഥർ കണ്ടെത്തി. സംശയം തോന്നിയ പൊലീസ് ബസ് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ 1,160 പ്ലാസ്റ്റിക് കുപ്പികളിൽ വിതരണം ചെയ്യാനായി തയ്യാറാക്കിയ വാറ്റു ചാരായവും ആളൊഴിഞ്ഞ കെട്ടിടത്തിൽ അനധികൃത മദ്യനിർമ്മാണവും കണ്ടെത്തുകയായിരുന്നു. കെട്ടിടത്തിൽ മദ്യം നിർമ്മിക്കാൻ ആവശ്യമായ വിവിധ ഉപകരണങ്ങളും പാത്രങ്ങളും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. നിരോധിത പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.