Fincat

ഫ്രീ സ്റ്റൈല്‍ ഗ്രാന്‍സ്ലാം ടൂർ ചെസില്‍ മാഗ്നസ് കാള്‍സണെ അട്ടിമറിച്ച് ഇന്ത്യയുടെ പ്രഗ്നാനന്ദ

ലോക ഒന്നാം നമ്പര്‍ ചെസ് താരം മാഗ്നസ് കാള്‍സണെ അട്ടിമറിച്ച് ഇന്ത്യയുടെ കൗമാര വിസ്മയം ആര്‍ പ്രഗ്നാനന്ദ. ഫ്രീ സ്റ്റൈല്‍ ഗ്രാന്‍സ്ലാം ടൂറിന്‍റെ ലാസ്‌വെഗാസ് ലെഗ്ഗിലാണ് വെള്ളക്കരുക്കളുമായി കളിച്ച പ്രഗ്നാനന്ദ കാള്‍സണെ 39 നീക്കങ്ങളില്‍ അടിയറവ് പറയിച്ചത്. കാള്‍സണെതിരായ ജയത്തോടെ ഗ്രൂപ്പില്‍ നിന്ന് പ്രാഗ്നാനന്ദ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയപ്പോള്‍ പ്ലേ ഓഫില്‍ ലെവോണ്‍ അരോണിയനെതിരെയും തോല്‍വി അറിഞ്ഞ കാള്‍സന് വിന്നേഴ്സ് ബ്രാക്കറ്റിലെത്താനായില്ല.

 

തോറ്റെങ്കിലും ലൂസേഴ്സ് ബ്രാക്കറ്റില്‍ കാള്‍സന് ഇനിയും ടൂര്‍ണമെന്‍റില്‍ കളിക്കാം. പക്ഷെ ജേതാവാകാനാവില്ല. പരമാവധി മൂന്നാം സ്ഥാനത്ത് മാത്രമെ കാള്‍സന് എത്താനാകു. രണ്ട് വിജയങ്ങളോടെയാണ് കാള്‍സണ്‍ ലാസ് വെഗാസ് ലെഗ്ഗില്‍ കളി തുടങ്ങിയത്. പിന്നീട് പ്രഗ്നാനന്ദയോടും വെസ്ലിയോടും തോറ്റ കാള്‍സന്‍ രണ്ട് സമനിലകള്‍ കൂടി വഴങ്ങി. ഇതോടെ പ്ലേ ഓഫിലെത്താന്‍ അവസാന റൗണ്ടില്‍ വിജയം അനിവാര്യമായി. അവസാന റൗണ്ട് മത്സരത്തില്‍ ബിബിസാര അസൗബയേവയെ തോല്‍പ്പിച്ച് പ്ലേ ഓഫിലെത്തിയെങ്കിലും പ്ലേ ഓഫില്‍ അരോണിയനെതിരായ രണ്ട് പ്ലേ ഓഫ് മത്സരങ്ങളിലും തോറ്റു.

ഒരുവര്‍ഷം നടക്കുന്ന വിവിധ രാജ്യങ്ങളിൽ നടക്കുന്ന ചെസ് ടൂര്‍ണമെന്‍റുകളുടെ ശൃംഖലയാണ് ഗ്രാന്‍സ്ലാം ടൂര്‍. ടെന്നീസ് ഗ്രാന്‍സ്ലാമിന്‍റെ ഘടനയിലാണ് ടൂര്‍ണമെന്‍റ് നടക്കുന്നത്. ന്യൂയോര്‍ക്ക്, പാരീസ്, വൈസന്‍ഹൗസ്, ന്യൂഡല്‍ഹ്, കേപ്ടൗണ്‍ നഗരങ്ങളിലായാണ് ടൂര്‍ണമെന്‍റ് നടത്താനിരുന്നത്. എന്നാല്‍ ന്യൂയോര്‍ക്കിലെ മത്സരങ്ങള്‍ ലാസ് വെഗാസിലേക്ക് മാറ്റിയപ്പോള്‍ ന്യൂഡല്‍ഹിയിലെ മത്സരങ്ങള്‍ റദ്ദാക്കുകയായിരുന്നു.