Fincat

2030 ആവുമ്പോഴേക്കും മനുഷ്യർക്ക് പകരം എ.ഐ. ജോലികൾ ഏറ്റെടുക്കും: സ്പീക്കർ എ.എൻ. ഷംസീർ;കോട്ടയ്ക്കൽ നഗരസഭയിൽ എ.ഐ സാക്ഷരത മിഷൻ ഉദ്ഘാടനം ചെയ്തു

2030 ആവുമ്പോഴേക്കും മനുഷ്യന് പകരം എ.ഐ. ജോലി ചെയ്യുമെന്ന് സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. കോട്ടക്കൽ നഗരസഭ ഖിസ്മത് ഫൗണ്ടേഷനുമായി സഹകരിച്ച് തുടക്കം കുറിച്ച എ.ഐ. സാക്ഷരത മിഷന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കടന്നു വരാത്ത മേഖലകളില്ല. മരണപ്പെട്ടവരെ ജീവിപ്പിക്കാനും ഇല്ലാത്ത രൂപങ്ങൾ ഉണ്ടാക്കാനും സാധിക്കുന്ന, ഏതു വിവരവും വിരൽത്തുമ്പിലറിയാൻ നമ്മെ സഹായിക്കുന്ന ഒന്നായി എ.ഐ. ടെക്നോളജി മാറി. എന്നാൽ ഒരേ സമയം ഗുണവും ദോഷവും എഐയ്ക്കുണ്ട്. ഇവ നൽകുന്ന വിവരങ്ങൾ എല്ലാം കൃത്യമാവണം എന്ന് ഉറപ്പില്ല. അതിനാൽ സമീപ ഭാവിയിൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ കണക്കിലെടുത്ത് എ.ഐ. ഉപയോഗത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

കോട്ടയ്ക്കൽ അനശ്വര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എം.എൽ.എ. ആബിദ് ഹുസൈൻ തങ്ങൾ അധ്യക്ഷനായിരുന്നു. എ ഐ സാക്ഷരതാ മിഷനുമായി ബന്ധപ്പെട്ട വെബ്സൈറ്റ് ഉദ്ഘാടനം എം.പി. അബ്ദുസമദ് സമദാനി നിർവഹിച്ചു. ഖിസ്മത്ത് ഫൗണ്ടേഷൻ സി.ഇ.ഒ കെ.എം. ഖലീൽ പദ്ധതി വിശദീകരിച്ചു. ബ്രിറ്റ് കോ ആൻഡ് ബ്രിഡ് കോ എം.ഡി മുത്തു കോഴിച്ചെന മുഖ്യാതിഥിയായിരുന്നു. കോട്ടക്കൽ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ഡോ. ഹനീഷ, വൈസ് ചെയർമാൻ സി. മുഹമ്മദ് അലി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റസാഖ് ആലമ്പാട്ടിൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. മറിയാമു, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ടി. അബ്ദു , കോട്ടക്കൽ മുനിസിപ്പാലിറ്റി കൗൺസിലർമാരായ കബീർ തയ്യിൽ, കെ.പി. അബൂബക്കർ ഇന്ത്യനൂർ എന്നിവർ സംസാരിച്ചു.

 

വിവിധ ടെക്നോളജി വിസ്മയങ്ങളുടെ ആഘോഷമായി ജൂലൈ 25,26,27 തിയ്യതികളിലായി കോട്ടക്കൽ ഫാറൂഖ്‌ കോളേജിൽ നടക്കുന്ന ‘കോടെക് ഫെസ്റ്റ് 2025’ ന്റെ പ്രധാന ഇനമാണ് എ.ഐ. സാക്ഷരത മിഷൻ. നഗരസഭയിലെ പ്രായം ചെന്നവർ മുതൽ കുട്ടികൾ വരെയുള്ളവരെ ഏതെങ്കിലും ഒരു എ.ഐ. ടൂൾ ഉപയോഗിക്കാൻ പരിശീലിപ്പിക്കുന്ന രാജ്യത്തെ ആദ്യ ജനകീയ ടെക് ഫെസ്റ്റാണ് കോ ടെക്ക് ഫെസ്റ്റ് 2025. മൂന്ന് ദിവസങ്ങളിലും കോളേജിലെ ക്ലാസ്സ്‌ മുറികളിൽ പ്രായഭേദമന്യേ ആർക്കും വന്നിരുന്നു എ.ഐ പഠിക്കാൻ അവസരമുണ്ട്. സമ്പൂർണ്ണ എ.ഐ സാക്ഷരതയുള്ള ഇന്ത്യയിലെ ആദ്യ മുനിസിപ്പാലിറ്റിയായി കോട്ടക്കലിനെ പ്രഖ്യാപിക്കലാണ് ലക്ഷ്യം. സ്കൂളുകൾ,വാർഡ് സഭകൾ, അംഗൻവാടികൾ, മാർക്കറ്റുകൾ തുടങ്ങി പൊതു ഇടങ്ങളിൽ ക്‌ളാസുകൾ സംഘടിപ്പിച്ചും വീടുകളിൽ നേരിട്ട് വളന്റിയർമാർ എത്തിയും സാക്ഷരത പൂർത്തീകരിക്കും.

 

കോട്ടക്കൽ നഗരത്തിന്റെ ട്രാഫിക്, ജല മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്തുന്ന ഗവേഷണ പരിപാടികൾക്ക് ഫെസ്റ്റിൽ തുടക്കമാകും. എംപിമാർ, എംഎൽഎമാർ, ഐ.ഐ.ടി പ്രൊഫസർമാർ, വിവിധ മേഖലകളിലെ വിദഗ്ദർ പങ്കെടുക്കുന്ന വ്യത്യസ്ത പാനൽ ചർച്ചകളും സംവാദങ്ങളും നടക്കും. പ്രൊജക്റ്റ്‌, ഹാക്കത്തോൺ, ഐഡിയത്തോൺ മത്സരങ്ങളും വിവിധ എക്സിബിഷനുകളും നടക്കുന്ന ഫെസ്റ്റിൽ മൂന്നു രാത്രികളിലും മെഗാ മ്യൂസിക് ഇവന്റുകളും നടക്കും. കോട്ടക്കൽ ഫാറൂഖ്‌ കോളേജ് ഹോസ്റ്റിങ് പാർട്ണറായ കോ ടെക് 2025 കുസാറ്റ് സർവകലാശാല, കേരള സ്റ്റാർട്ട്‌ അപ്പ് മിഷൻ, തിരൂർ എസ്.എസ്.എം പൊളിടെക്‌നിക് കോളേജ്, ഫെയ്ത് ഫൌണ്ടേഷൻ തുടങ്ങിയ വിവിധ സ്ഥാപനങ്ങളും സഹകരിച്ചാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.