എല്ലാ പ്രവാസികളും ക്ഷേമനിധി അംഗത്വം നേടണമെന്ന് എ.സി മൊയ്തീന്‍ എം.എല്‍.എ;പ്രവാസി ക്ഷേമം സംബന്ധിച്ച നിയമസഭാസമിതി സിറ്റിങ് മലപ്പുറത്ത് നടന്നു
പ്രവാസി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് അംശദായമടയ്ക്കാന്‍ എല്ലാ പ്രവാസികളും ശ്രദ്ധിക്കണമെന്ന് പ്രവാസി ക്ഷേമം സംബന്ധിച്ച നിയമസഭാസമിതിയുടെ അധ്യക്ഷന്‍ എ.സി മൊയ്തീന്‍ എം.എല്‍.എ പറഞ്ഞു. സംഘടനകളിലെ അംഗങ്ങളെല്ലാം പ്രവാസി ക്ഷേമസമിതിയില്‍ അംഗങ്ങളാണെന്ന് സംഘടനകള്‍ ഉറപ്പുവരുത്തണം. പ്രവാസികള്‍ക്ക് അംഗത്വം നല്‍കുന്ന സംഘടനകള്‍ അംഗത്വത്തിനുള്ള അപേക്ഷ കൂടി പൂരിപ്പിച്ച് നല്‍കാന്‍ ശ്രദ്ധിക്കണം. പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാവാന്‍ അംഗത്വം അനിവാര്യമാണെന്നും എ.സി മൊയ്തീന്‍ പറഞ്ഞു. മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പ്രവാസി ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ സിറ്റിങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസി ക്ഷേമനിധി ബോര്‍ഡിന്റെ ഓഫീസ് മലപ്പുറം ജില്ലയില്‍ തുറക്കണമെന്ന പ്രവാസികളുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും എല്ലാ ജില്ലയിലും ഓഫീസ് തുറക്കണമെന്നതാണ് സമിതിയുടെ കാഴ്ചപ്പാടെന്നും എ.സി മൊയ്തീന്‍ പറഞ്ഞു. പ്രവാസികള്‍ക്ക് വലിയ അംഗീകാരമാണ് ലോക കേരളസഭ എന്ന ആശയത്തിലൂടെ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയത്. വിദേശമലയാളികളുടെ എണ്ണം സംബന്ധിച്ച വിവരശേഖരണം കുറ്റമറ്റതാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി വിവരശേഖരണം നടത്താമെന്ന പ്രവാസി സംഘടനകളുടെ നിര്‍ദേശം നിയമസഭാസമിതി പരിഗണിക്കും. പ്രവാസി സംരംഭകര്‍ക്ക് ബാങ്കുകള്‍ വായ്പ നിഷേധിക്കുന്ന സാഹചര്യമുണ്ടെങ്കില്‍ അത്തരം ബാങ്കുകള്‍ക്കെതിരായ പരാതികള്‍ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയില്‍ ഉന്നയിക്കുമെന്നും എ.സി മൊയ്തീന്‍ പറഞ്ഞു.
കേരളത്തില്‍ പ്രവാസികള്‍ ഏറ്റവും കൂടുതലുള്ളത് മലപ്പുറം ജില്ലയിലാണ്. എന്നിട്ടും നിരവധി പേര്‍ ക്ഷേമനിധിയില്‍ അംഗത്വം എടുത്തിട്ടില്ലെന്ന് സമിതി അംഗമായ ഡോ.കെ.ടി ജലീല്‍ എം.എല്‍.എ പറഞ്ഞു. വിദേശത്തെ പ്രവാസി സംഘടനകള്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിനുകള്‍ നടത്തുമ്പോള്‍ ക്ഷേമ നിധിയില്‍ കൂടി അംഗത്വം എടുപ്പിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ സമിതി അംഗങ്ങളായ ഇ.ടി ടൈസണ്‍, കെ.എന്‍ ഉണ്ണികൃഷ്ണന്‍ എന്നിവരും സിറ്റിങില്‍ പങ്കെടുത്തു.
നിയമസഭാ സെക്രട്ടേറിയറ്റ് നോര്‍ക്ക സമിതി അണ്ടര്‍ സെക്രട്ടറി കെ. ആനന്ദ്, അഡി. എസ്.പി ബിജുരാജ്, നോര്‍ക്ക റൂട്‌സ് സെന്റര്‍ മാനേജര്‍ സി. രവീന്ദ്രന്‍, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സി. ഓഫീസര്‍ എസ്. നവാസ്, ജില്ലാ പ്രവാസി പരിഹാര സമിതി കണ്‍വീനര്‍ വി.കെ മുരളി എന്നിവര്‍ സംസാരിച്ചു. കേരള പ്രവാസി സംഘം, പ്രവാസി ഫെഡറേഷന്‍, പ്രവാസി ലീഗ്, പ്രവാസി കോണ്‍ഗ്രസ്, ഗള്‍ഫ് മലയാളി കോ-ഓഡിനേഷന്‍ കമ്മിറ്റി, ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍ എന്നീ സംഘടനകളുടെ പ്രതിനിധികള്‍ പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ സമിതിയുടെ മുന്നില്‍ അവതരിപ്പിച്ചു.