Fincat

ഹര്‍ഭജൻ വീണു, പുതിയ റെക്കോര്‍ഡ് ബംഗ്ലാദേശ് സ്പിന്നര്‍ മെഹിദി ഹസന് സ്വന്തം


ശ്രീലങ്കയ്ക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിനിടെ പുതിയ റെക്കോർഡ് സ്വന്തമാക്കി ബംഗ്ലാദേശ് സ്പിന്നർ മെഹിദി ഹസൻ.കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ മികച്ച ബൗളിങ് പ്രകടനം നടത്തുന്ന സന്ദർശക ബൗളറെന്ന റെക്കോർഡാണ് മെഹിദി ഹസന്റെ പേരിലായത്. ഇന്ത്യൻ മുൻ താരം ഹര്‍ഭജന്‍ സിങ്ങിന്റെ പേരിലുണ്ടായിരുന്ന 13 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് ബംഗ്ലാദേശ് സ്പിന്നര്‍ മെഹിദി ഹസന്‍ തിരുത്തിയെഴുതിയത്.
കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാലോവറില്‍ ഒരു മെയ്ഡനടക്കം 11 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകളാണ് മെഹിദി ഹസൻ വീഴ്ത്തിയത്. ശ്രീലങ്കൻ ബാറ്റർമാരില്‍ ആദ്യ അഞ്ചില്‍ നാലുപേരെയും പുറത്താക്കിയത് മെഹിദി ഹസനാണ്.
2012 ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ 12 റണ്‍സ് വഴങ്ങി ഹർഭജൻ സിങ് നാല് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഇതായിരുന്നു പ്രേമദാസ സ്റ്റേഡിയത്തിലെ ശ്രീലങ്കൻ ഇതരതാരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം. ഈ റെക്കോർഡ് ഇപ്പോള്‍ മെഹിദി ഹസൻ പഴങ്കഥയാക്കിയിരിക്കുകയാണ്.

അതുപോലെ പ്രേമദാസ സ്റ്റേഡിയത്തില്‍ ഏറ്റവും മികച്ച ബൗളിങ് പ്രകടനം നടത്തിയ ബൗളറെന്ന റെക്കോർഡ് 2021 വരെ ഹർഭജൻ സിങ്ങിന്റെ പേരിലായിരുന്നു. എന്നാല്‍ 2021ല്‍ ഇന്ത്യക്കെതിരേ ശ്രീലങ്കയുടെ വനിന്ദു ഹസരങ്ക ഹർഭജന്റെ റെക്കോർഡ് പഴങ്കഥയാക്കി. അന്ന് ഇന്ത്യയ്ക്കെതിരെ നാല് ഓവർ എറിഞ്ഞ ഹസരങ്ക ഒന്‍പത് റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ വീഴ്ത്തി. അതോടെ പ്രേമദാസ സ്റ്റേഡിയത്തിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം ശ്രീലങ്കക്കാരനായ വനിന്ദു ഹസരങ്കയുടെ പേരിലായി.
നാല് വർഷങ്ങള്‍ക്ക് ശേഷം പ്രേമദാസ സ്റ്റേഡിയത്തില്‍ മികച്ച ബൗളിങ് പ്രകടനം നടത്തുന്ന ശ്രീലങ്കൻ ഇതര ബൗളറെന്ന നേട്ടം ബംഗ്ലാദേശിന്റെ മെഹിദി ഹസന്റെ പേരിലായി. എങ്കിലും ട്വന്റി 20 ക്രിക്കറ്റില്‍ പ്രേമദാസ സ്റ്റേഡിയത്തിലെ എക്കാലത്തെയും മികച്ച ബൗളിങ് പ്രകടനം ഹസരങ്കയുടെ പേരില്‍ തന്നെയാണ്.