Fincat

‘ബുംറയെ പരിക്കേല്‍പ്പിക്കാനായിരുന്നു സ്റ്റോക്‌സിന്റെയും ആര്‍ച്ചറുടെയും പ്ലാന്‍’; ഗുരുതര ആരോപണവുമായി കൈഫ്


ലോര്‍ഡ്‌സ് ടെസ്റ്റിനിടെ ഇന്ത്യയുടെ പേസ് കുന്തമുനയായ ജസ്പ്രീത് ബുംറയെ പരിക്കേല്‍പ്പിക്കാന്‍ ഇംഗ്ലണ്ട് പദ്ധതിയിട്ടെന്ന ആരോപണവുമായി ഇന്ത്യയുടെ മുന്‍ താരം മുഹമ്മദ് കൈഫ്.പരമ്ബരയിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ പരാജയത്തെ കുറിച്ച്‌ സംസാരിക്കുന്നതിനിടെയാണ് മുന്‍ താരം ഗുരുതര ആരോപണം ഉന്നയിച്ച്‌ രംഗത്തെത്തിയത്. മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ ബുംറയുടെ കൈവിരലിനോ തോളിനോ പരിക്കേല്‍പ്പിക്കാന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും പേസര്‍ ജോഫ്ര ആര്‍ച്ചറും മനഃപൂര്‍വം ശ്രമിച്ചെന്നാണ് കൈഫ് ആരോപിച്ചത്.
‘ബുംറയ്‌ക്കെതിരെ ബൗണ്‍സറുകള്‍ എറിയാനാണ് സ്റ്റോക്‌സും ആര്‍ച്ചറും ശ്രമിച്ചത്. ഔട്ടാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ കൈവിരലിനോ തോളിനോ എറിഞ്ഞ് പരിക്കേല്‍പ്പിക്കുകയെന്നായിരുന്നു ലക്ഷ്യം. തങ്ങളുടെ ബാറ്റര്‍മാരെ ബുദ്ധിമുട്ടിക്കുന്ന പ്രധാന ബോളറെ പരിക്കേല്‍പ്പിക്കുകയായിരുന്നു തന്ത്രം. ബുംറ പുറത്തായതിന് പിന്നാലെ ഈ തന്ത്രം ഫലിക്കുകയും ചെയ്തു’, തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവേ മുഹമ്മദ് കൈഫ് പറഞ്ഞു.

ലോര്‍ഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരെല്ലാം വീണപ്പോള്‍ ജഡേജയ്ക്ക് പിന്തുണ നല്‍കി ക്രീസില്‍ നില്‍ക്കാന്‍ ബുംറ ശ്രമിച്ചിരുന്നു. ലോർഡ്സില്‍ 54 പന്തുകളില്‍ അഞ്ച് റണ്‍സെടുത്ത ബുംറയെ ബെന്‍ സ്റ്റോക്‌സാണ് മടക്കിയത്. ഇംഗ്ലണ്ട് ക്യാപ്റ്റന്റെ ഷോര്‍ട്ട് പിച്ച്‌ പന്തില്‍ പുള്‍ ഷോട്ടിന് ശ്രമിച്ചാണ് ബുംറ പുറത്തായത്.