സ്വച്ച് സര്‍വേക്ഷണ്‍: കോട്ടക്കല്‍ നഗരസഭയ്ക്ക് ഒന്നാം സ്ഥാനം, വളാഞ്ചേരി നഗരസഭയ്ക്ക് സ്റ്റാര്‍ തിളക്കം
ശുചിത്വം, ശാസ്ത്രീയ മാലിന്യ സംസ്‌കരണം നഗര സൗന്ദര്യവല്‍ക്കരണം തുടങ്ങിയ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് സ്വച്ച് സര്‍വേക്ഷന്‍ 2024ല്‍ ദേശീയതലത്തില്‍ ശ്രദ്ധേയമായി ജില്ലയിലെ നഗരസഭകള്‍. കേന്ദ്ര പാര്‍പ്പിട കുടിവെള്ള മന്ത്രാലയം നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ശുചിത്വ സര്‍വേയായ സര്‍വേക്ഷന്‍ 2024ല്‍ ജില്ലയിലെ എല്ലാ നഗരസഭകളും മികച്ച പ്രകടനം കാഴ്ചവച്ചു.
കോട്ടക്കല്‍ നഗരസഭയാണ് ജില്ലയില്‍ ഒന്നാം റാങ്ക് നേടിയത്. 4500ല്‍പരം നഗരസഭകളില്‍ നടന്ന സര്‍വ്വേയില്‍ ദേശീയതലത്തില്‍ 248-ാം സ്ഥാനവും സംസ്ഥാനതലത്തില്‍ 15-ാംസ്ഥാനവും കോട്ടക്കല്‍ നഗരസഭ കരസ്ഥമാക്കി. വളാഞ്ചേരി നഗരസഭയ്ക്ക് ‘ഗാര്‍ബേജ് ഫ്രീ സിറ്റി’ ‘വണ്‍ സ്റ്റാര്‍’ പദവിയും ലഭിച്ചു.
സംസ്ഥാനത്ത് ആദ്യമായാണ് നഗരസഭകള്‍ക്ക് സ്റ്റാര്‍ പദവി ലഭിക്കുന്നത.് ജില്ലയിലെ 12 നഗരസഭകളില്‍ ഏഴ് എണ്ണം ദേശീയ റാങ്കിങ്ങില്‍ അഞ്ഞൂറിന്റെ ഉള്ളിലായി എത്തിയത് ശ്രദ്ധേയമായ നേട്ടമാണ്. ഒ.ഡി.എഫ് ആന്റ് ഒ.ഡി.എഫ് പ്ലസ് സര്‍ട്ടിഫിക്കേഷനുകളില്‍ ജില്ലയിലെ 10 നഗരസഭകള്‍ക്ക് ഒ.ഡി.എഫ് പ്ലസ് സര്‍ട്ടിഫിക്കേഷനും ശേഷിച്ച രണ്ട് നഗരസഭകള്‍ക്ക് ഒ.ഡി.എഫ് സര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.
തുറസ്സായ മലമൂത്ര വിസര്‍ജനരഹിതത്വം ഉറപ്പാക്കുകയും വ്യക്തിഗത ശൗചാലയങ്ങളും പൊതുശൗചാലയങ്ങളും ഉറപ്പുവരുത്തുകയും ചെയ്തതിനാണ് ഈ അംഗീകാരം. മൂല്യനിര്‍ണയത്തില്‍ മുന്‍തൂക്കം ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തിലുള്ള മാലിന്യ ശേഖരണം, ജൈവ-അജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, നഗരസൗന്ദര്യവല്‍ക്കരണം, പൊതുസ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും വൃത്തിശുദ്ധി, ശൗചാലയങ്ങളുടെ പരിപാലനം, ഡ്രൈനേജ് ശുദ്ധീകരണം, ജലാശയ സംരക്ഷണം തുടങ്ങി നിരവധി ഘടകങ്ങളാണ് മൂല്യനിര്‍ണയത്തിന് ഉള്‍പ്പെടുത്തിയത്.
സൃഷ്ടിപരമായ ഇടപെടലുകളും ശ്രദ്ധേയമായി, കോട്ടയ്ക്കല്‍ ബസ്റ്റാന്‍ഡില്‍ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ദിനോസര്‍ മാതൃക, പൊന്നാനിയില്‍ ട്രെയിന്‍ മാതൃകയിലെ മാലിന്യ ശേഖരണ കേന്ദ്രം, അനക്കൊണ്ട രൂപകല്‍പ്പന, പെരിന്തല്‍മണ്ണ നഗരസഭയിലെ മുത്തശ്ശി കിണര്‍ തുടങ്ങിയവയും ക്യാംപയിനിലെ ശ്രദ്ധേയമായ ഇടപെടലുകളാണ്.
12500 മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ നടത്തിയ സര്‍വ്വേയിലൂടെയാണ് റാങ്കിംഗ് നിര്‍ണയിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യമുക്തം നവകേരളം ക്യാംപയിന്‍ ജില്ലയില്‍ ഫലപ്രദമായി നടപ്പിലാക്കിയതും ഈ നേട്ടത്തില്‍ നിര്‍ണായകമായി പങ്കുവഹിച്ചു. നിലവില്‍ 2025 സര്‍വ്വേക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ശക്തമായി പുരോഗമിക്കുകയാണെന്ന് ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ എ. ആതിര അറിയിച്ചു.