ഗ്രാമീണ മേഖലയിലെ സംരംഭകരെ ശാക്തീകരിക്കും: കേന്ദ്രമന്ത്രി ജയന്ത് ചൗധരി
ഗ്രാമീണ മേഖലയിലെ സംരംഭകരെ ശാക്തീകരിക്കുകയും അവരുടെ ഉൽപ്പന്നങ്ങൾ ആഗോള വിപണിയിലേക്ക് ലഭ്യമാക്കുകയും ചെയ്യുമെന്ന് കേന്ദ്ര നൈപുണ്യ വികസന- സംരംഭകത്വ വകുപ്പ് മന്ത്രി ജയന്ത് ചൗധരി. മലപ്പുറം മുൻസിപ്പൽ ടൗൺഹാളിൽ നടന്ന ജെ എസ് എസ് (ജൻ ശിക്ഷൻ സൻസ്ഥാൻ) ഗുണഭോക്താക്കളുടെ സംഗമവും എക്സിബിഷനും സർട്ടിഫിക്കറ്റ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ട്രൈബൽ വിഭാഗത്തിൽപ്പെട്ട സംരംഭകരെയും മുഖ്യധാരയിലേക്ക് കൊണ്ടുവരും. എ ഐ സാങ്കേതികവിദ്യ വളരുന്നതിനനുസരിച്ചുള്ള നൈപുണ്യ വികസനം ആർജിക്കുന്നതിലൂടെ യുവതലമുറ മികച്ച ഉദ്യോഗാർത്ഥികളായി മാറും. ഇതിനു സഹായിക്കുന്ന ധാരാളം ഓൺലൈൻ കോഴ്സുകൾ ലഭ്യമാണ്. അവ പ്രയോജനപ്പെടുത്തണം- അദ്ദേഹം പറഞ്ഞു.
ജെ എസ് എസിന്റെ രണ്ടായിരത്തോളം ഗുണഭോക്താക്കളുടെ സംഗമവും സർട്ടിഫിക്കറ്റ് വിതരണവുമാണ് ഇന്ന് (വ്യാഴം) നടന്നത്. പി എം വിശ്വകർമ്മ പദ്ധതിയുടെ മുന്നൂറോളം ഗുണഭോക്താക്കൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. മികച്ച നേട്ടം കൈവരിച്ച സംരംഭകരെയും ജെ എസ് എസ് റിസോഴ്സ് പേഴ്സൺസിനെയും ചടങ്ങിൽ ആദരിച്ചു. കരകൗശല വിദഗ്ധർക്കുള്ള കാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. ഗോത്രമൃത് ട്രൈബൽ എപിസിയുടെ വിവിധ ഉത്പന്നങ്ങളുടെ പ്രകാശനവും നടന്നു. ഗുണഭോക്‌തൃ സംഗമത്തോടെ അനുബന്ധിച്ച് ഒരുക്കിയ എക്സിബിഷനിൽ വിവിധ സംരംഭകരുടെ കരകൗശല വസ്തുക്കളുടെയും ഉൽപ്പന്നങ്ങളുടെയും പ്രദർശനം നടന്നു.
ജെ എസ് എസ് ചെയർമാൻ പി വി അബ്ദുൽ വഹാബ് എം പി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ മുജീബ് കാടേരി, കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് സി ഒ ഒ ടിവി വിനോദ്, ആർ ഡി എസ് ഡി റീജിയണൽ ഡയറക്ടർ സി യുവരാജ്, മലപ്പുറം ജെ എസ് എസ് ഡയറക്ടർ വി. ഉമ്മർ കോയ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇസ്മായിൽ മൂത്തേടം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.