Fincat

മെഡിക്കല്‍ സ്റ്റോറിലേക്കെന്ന വ്യാജേന ലഹരി മരുന്ന് കടത്തിയ കേസില്‍ 10 വര്‍ഷം കഠിന തടവും പിഴയും

ആലപ്പുഴ: മെഡിക്കല്‍ സ്റ്റോറിലേക്കെന്ന വ്യാജേന ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത് കൊറിയര്‍ സര്‍വിസ് വഴി ലഹരിമരുന്ന് കടത്തിയ കേസിലെ പ്രതികള്‍ക്ക് 10വര്‍ഷം കഠിനതടവും ഒരുലക്ഷം വീതം പിഴയും. പ്രതികളായ കൊല്ലം വടക്കേവിള തണ്ടാശേരിവയലില്‍ അമീര്‍ഷാന്‍ (25), മുള്ളുവിള നഗര്‍ ദീപം വീട്ടില്‍ ശിവന്‍ (33) എന്നിവരെ ആലപ്പുഴ അഡീഷണല്‍ സെക്ഷന്‍സ് കോടതി രണ്ട് ജഡ്ജി എസ് ഭാരതിയാണ് ശിക്ഷിച്ചത്.

പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടി തടവ് അനുവഭിക്കണം. 2023 സെപ്റ്റംബര്‍ 23 നാണ് കേസിനാസ്പദമായ സംഭവം. ആലപ്പുഴ റെയ്ബാന്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന മൈമൂന്‍ ലൈഫ് ഫാര്‍മ എന്ന മെഡിക്കല്‍ സ്റ്റോറിലേക്കെന്ന് പറഞ്ഞ് ഹൈദരാബാദിലെ ഉയര്‍വിദ മെഡികെയര്‍ മരുന്ന് നിര്‍മാണകമ്പനിക്ക് ഓണ്‍ലൈന്‍വഴി ഓര്‍ഡര്‍ നല്‍കിയശേഷം എത്തുന്ന മാരകലഹരിമരുന്ന് കൈപ്പറ്റിയായിരുന്നു ഇവരുടെ തട്ടിപ്പ്.

10 മില്ലിമീറ്റര്‍ വീതമുള്ള 100 കുപ്പികളിലായി ദ്രാവകരൂപത്തിലുള്ള ഒരുലിറ്റര്‍ ഡയസെപാം ആണ് വരുത്തിയത്. ആലപ്പുഴ മെഡിക്കല്‍ സ്റ്റോറിന്റെ ലൈസന്‍സ് നമ്പരുള്ള പടമെടുത്ത് അവിടേക്ക് ഡയസെപാം ആവശ്യപ്പെട്ട് ഹൈദരാബാദിലെ കമ്പനിയിലേക്ക് ഇ-മെയില്‍ അയച്ചു. ബന്ധപ്പെടാനായി ഇവരുടെ നമ്പരാണ് കൊടുത്തത്. എന്നാല്‍, കൊറിയറുകാര്‍ ആ നമ്പറില്‍ വിളിക്കാതെ നേരേ ആലപ്പുഴയിലെ മെഡിക്കല്‍ സ്റ്റോറിലേക്ക് മരുന്നെത്തിച്ചു.

സംശയം തോന്നിയ മെഡിക്കല്‍ സ്റ്റോറുകാര്‍ വിവരം എക്‌സൈസിനെ അറിയിച്ചതോടെയാണ് പ്രതികള്‍ കുടുങ്ങിയത്. ഇതില്‍ പ്രതിയായ അമീര്‍ഷാനെതിരെ കൊല്ലത്തും പാലക്കാടും എന്‍ടിപിസി കേസുണ്ട്. ഡയസെപാം ലഹരിമോചന ചികിത്സക്കും ശസ്ത്രക്രിയക്ക് മുമ്പും വേദസംഹാരിയായും വിഷാദരോഗത്തിനും നാഡസംബന്ധമായ ചികിത്സക്കുമാണ് ഉപയോഗിക്കുന്നത്.

മെഡിക്കല്‍ സ്റ്റോറുകളില്‍ ഡോക്ടറുടെ കുറിപ്പുണ്ടെങ്കില്‍ മാത്രമേ ഇത് നല്‍കാറുള്ളൂ. കേസിന്റെ വിചാരണവേളയില്‍ ആലപ്പുഴ അസി എക്‌സൈസ് കമ്മിഷണറായിരുന്ന എം നൗഷാദാണ് വിശദമായ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ആലപ്പുഴ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് നാര്‍കോട്ടിക് സ്‌പെഷല്‍ സിഐയായിരുന്ന എം മഹേഷാണ് കേസ് അന്വേഷിച്ചത്. അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്‌ഐ ശ്രീമോന്‍, അഡ്വ ദീപ്തി കേശവന്‍ എന്നിവര്‍ ഹാജരായി