Fincat

വേടന്റെ പാട്ട് ഒഴിവാക്കണമെന്ന് എസ്‌യുസിഐ ആവശ്യപ്പെട്ടിട്ടില്ല; സംസ്ഥാന സെക്രട്ടറി


തിരുവനന്തപുരം: വേടൻ എന്ന് അറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയുടെ പാട്ട് കോഴിക്കോട് സർവ്വകലാശാല സിലബസ്സില്‍നിന്ന് ഒഴിവാക്കണമെന്ന് എസ്‌യുസിഐ(കമ്യൂണിസ്റ്റ്)പാർട്ടി ആവശ്യപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി ജയ്സണ്‍ ജോസഫ്.സേവ് യൂണിവേഴ്സിറ്റി ഫോറം എസ്‌യുസിഐ സംഘടനയാണ് എന്ന് പ്രചരിപ്പിക്കുന്നത് ദുഷ്ടലാക്കോടെയാണ്. തീർത്തും വസ്തുതാ വിരുദ്ധമായ കാര്യമാണിത്. എം. ഷാജർഖാൻ സ്വന്തം നിലപാട് ഇതിനകം വ്യക്തമാക്കിയിട്ടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യകരമായ സംവാദങ്ങള്‍ക്ക് വ്യാജപ്രചാരണ തന്ത്രങ്ങള്‍ വിലങ്ങുതടിയാകുമെന്ന് വിനയപൂർവ്വം ഓർമ്മിപ്പിക്കട്ടെ. സ്വന്തം നിലപാട് സുതാര്യമായും നിർഭയമായും പ്രകടിപ്പിക്കുന്ന സംഘടനയാണ് എസ്‌യുസിഐ(സി). വിശാലമായ ജനതാല്പ ര്യത്തിന്റെയും സാമൂഹ്യ പുരോഗതിയുടെയും പക്ഷത്തു നിന്നുകൊണ്ടുമാത്രമാണ് ഏതൊരു വിഷയത്തെ സംബന്ധിച്ചുമുള്ള നിലപാട് പാർട്ടി സ്വീകരിക്കുന്നത്. റാപ് സംഗീതം പ്രതിനിധാനം ചെയ്യുന്ന മർദ്ദിതൻ്റെ രാഷ്ട്രീയത്തോടും വേടൻ്റെ പാട്ടിനോടും ഞങ്ങള്‍ യോജിക്കുന്നുെവെന്നും ജയ്സണ്‍ ജോസഫ് പറഞ്ഞു.

യൂണിവേഴ്സിറ്റി സിലബസ് രൂപീകരണം ഉള്‍പ്പെടെയുള്ള അക്കാദമിക്ക് വിഷയങ്ങളില്‍ തീരുമാനമെടുക്കാനുള്ള അവകാശം സ്വയംഭരണാവകാശമുള്ള യൂണിവേഴ്സിറ്റി സമിതികള്‍ക്ക് ആയിരിക്കണം. രാഷ്ട്രീയ പരിഗണനകള്‍ ഉള്‍പ്പെടെ ഒരു സങ്കുചിത താല്പര്യവും അതില്‍ കൈകടത്തിക്കൂടാ. യൂണിവേഴ്‌സിറ്റികളുടെ സ്വയംഭരണാവകാശം തകർക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകള്‍ മത്സര ബുദ്ധിയോടെ ശ്രമിക്കുമ്ബോള്‍ നമ്മുടെ യൂണിവേഴ്സിറ്റികളെ സംരക്ഷിക്കാൻ ജനാധിപത്യ വിശ്വാസികള്‍ ഒത്തൊരുമിച്ചു രംഗത്തിറങ്ങണമെന്നും അനാവശ്യ വിവാദങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നും ജയ്സണ്‍ ജോസഫ് അഭ്യർത്ഥിച്ചു.