ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്ന ഫൈനലിസിമ പോരാട്ടം അടുത്ത വര്‍ഷം മാര്‍ച്ച് മാസം നടക്കും. മാര്‍ച്ച് 23മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ ഏതെങ്കിലും, മത്സരത്തിനായി തെരഞ്ഞെടുക്കും. അര്‍ജന്റീന-സ്‌പെയിന്‍ സൂപ്പര്‍ പോരാട്ടത്തിന്റെ വേദി എവിടെയാകും എന്ന് ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.
രണ്ട് മാസം മുന്‍പ് അര്‍ജന്റീന-സ്‌പെയിന്‍ ഫുട്‌ബോള്‍ ഫെഡറേഷനുകള്‍ പരാഗ്വേയില്‍ നിര്‍ണായക യോഗം ചേര്‍ന്നിരുന്നു. കോപ്പ അമേരിക്ക ചാമ്പ്യന്മാരും, യൂറോ കപ്പ് ചാമ്പ്യന്മാരും ഏറ്റുമുട്ടുന്ന കിരീട പോരാട്ടമാണ് ഫൈനലിസിമ. മുമ്പ് യൂറോപ്യന്‍-ലാറ്റിനമേരിക്കന്‍ നേഷന്‍സ് കപ്പ് എന്ന പേരിലറിയപ്പെട്ടിരുന്ന മത്സരം 2022ലാണ് ഫൈനലിസിമ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. നിലവില്‍ അര്‍ജന്റീനയാണ് ജേതാക്കള്‍. മത്സര വേദിക്കായി ബാഴ്‌സലോണയുടെ ക്യാംപ് നൗ, സജീവ പരിഗണനയിലുണ്ടെന്നാണ് വിവരം.
നവീകരിച്ച ക്യാംപ് നൗവില്‍ ഇതിഹാസ താരം ലിയോണല്‍ മെസിക്ക് യാത്രയയപ്പ് നല്‍കാന്‍ കൂടിയാണ് ബാഴ്‌സലോണയുടെ നീക്കം. ബാഴ്‌സലോണയുടെ പുതിയ പത്താം നമ്പര്‍ താരം, ലമീന്‍ യമാല്‍ മെസിക്കെതിരെ കളിക്കാന്‍ ഇറങ്ങുന്നു എന്ന പ്രത്യേകതയും ഫൈനലിസിമ പോരാട്ടത്തിനുണ്ട്. 2022ലാണ് യൂറോ ചാമ്പ്യന്‍മാരും കോപ അമേരിക്ക ചാമ്പ്യന്‍മാരും തമ്മിലുള്ള ആദ്യ ഫൈനലിസിമ പോരാട്ടം ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്നത്. യൂറോ ചാമ്പ്യന്‍മാരായിരുന്ന ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളിന് വീഴ്ത്തി അര്‍ജന്റീന ഫൈനലിസിമ കിരീടം നേടിയിരുന്നു. പിന്നീടായിരുന്നു അര്‍ജന്റീനയുടെ ലോകകപ്പ് വിജയം. അതിനുശേഷം അര്‍ജന്റീന വീണ്ടും കോപ ചാമ്പ്യന്‍മാരും സ്‌പെയിന്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാരുമായെങ്കിലും ഫൈനലിസിമ പോരാട്ടം നടന്നിരുന്നില്ല. 2026ലെ ഫുട്‌ബോള്‍ ലോകകപ്പ് തുടങ്ങാന്‍ 80 ദിസവം മാത്രം ബാക്കിയിരിക്കെയാണ് ഫൈനലിസിമ പോരാട്ടവും നടക്കുന്നത് എന്നതാണ് ഇത്തവണത്തെ പ്രത്യേകത.