വിറക് വെട്ടുന്നതിനിടെ പറമ്പിൽ വച്ച പുതിയ ഫോണിന് മറ്റൊരവകാശിയെ കണ്ട് അമ്പരന്ന് രമണൻ
ദിവസങ്ങൾക്കു മുമ്പ് 8000 രൂപ മുടക്കി വാങ്ങിയ പുതിയ ടച്ച് ഫോൺ കുരങ്ങൻ തട്ടിയെടുത്തതിൻ്റെ അമ്പരപ്പിലാണ് വിറകുവെട്ടു തൊഴിലാളിയായ രമണൻ. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പെരിങ്ങര പത്താം വാർഡ് മെമ്പർ സനൽ കുമാരിയുടെ പുരയിടത്തിലാണ് കൗതുകകരമായ ഈ സംഭവം നടന്നത്. സമീപവാസിയായ വാളമ്പറമ്പിൽ രമണൻ ഇവിടെ തെങ്ങ് കീറി വിറകാക്കാൻ എത്തിയതായിരുന്നു.
പതിവ് പണിക്കിടെ പറമ്പിന്റെ ഓരത്തുവെച്ച ഫോൺ കുരങ്ങെടുത്ത് ഓടുന്നതുകണ്ട് രമണൻ ആദ്യം സ്തംഭിച്ചുപോയി. പിന്നീട് യാചിച്ച് ഫോൺ തിരികെ ചോദിച്ചെങ്കിലും കുരങ്ങൻ ഫോണിൽ തോണ്ടി ചാടിക്കളിക്കുകയായിരുന്നു. രമണനെ വട്ടം കറക്കിയ കുരങ്ങൻ ഇടയ്ക്കിടെ മുഖത്തേക്കുനോക്കി തെങ്ങിലേക്ക് ചാടിക്കയറി. ലോക്ക് തുറക്കാൻ പറ്റാഞ്ഞതുകൊണ്ടാണോ എന്നറിയില്ല, ഏകദേശം കാൽ മണിക്കൂറോളം ഫോണുമായി ചാടിക്കളിച്ചശേഷം ഒടുവിൽ ഫോൺ താഴെയിട്ട് തെങ്ങിൻ മുകളിലേക്ക് പോയി. ഒടുവിൽ രമണന് വലിയ ആശ്വാസം.
സംഭവം നടക്കുമ്പോൾ അവിടെയുണ്ടായിരുന്ന ഏക ഫോൺ കുരങ്ങിന്റെ പക്കലായിരുന്നതിനാൽ ദൃശ്യങ്ങൾ പകർത്താൻ കഴിഞ്ഞില്ല. ഫോൺ തിരികെ കിട്ടിയപ്പോൾ ചിത്രം പകർത്താൻ സമീപവാസി പറഞ്ഞെങ്കിലും കിട്ടിയ ഫോണുമായി, രമണൻ നേരെ വീട്ടിലേക്ക് മടങ്ങി. കുറേനേരം കൂടി തെങ്ങിൽ ചാടിക്കളിച്ച ശേഷമാണ് കുരങ്ങൻ യാത്രയായത്. എവിടെ നിന്നാണ് ഈ കുരങ്ങൻ എത്തിയതെന്ന് നാട്ടുകാർക്ക് ഇപ്പോഴും അറിയില്ല.